ആശുപത്രി പരിസരവും കേന്ദ്രമാക്കി ലഹരി മാഫിയ; 2025ൽ പിടികൂടിയത് 3.6 കോടിയുടെ എംഡിഎംഎ

Sunday 11 January 2026 12:20 AM IST

കോഴിക്കോട്: ആശുപത്രി പരിസരത്തുള്ള ലോഡ്ജുകൾ വിൽപ്പന കേന്ദ്രമാക്കി ലഹരി മാഫിയ. പൊലീസിന് സംശയം തോന്നാതിരിക്കാനാണിത്. തുടർന്ന് ചെറുകിട വില്പനക്കാരെ വിളിച്ചുവരുത്തിയാണ് വിതരണം. കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ ആശുപത്രി പരിസരത്തുള്ള ലോഡ്ജിൽ നിന്നാണ് അരക്കോടിയുടെ എം.ഡി.എം.എ പിടികൂടിയത്. മൂന്നു പേർ അറസ്റ്റിലായി. ബംഗളൂരുവിലാണ് രാസലഹരിയുടെ പ്രധാന നിർമ്മാണ കേന്ദ്രം. അവിടെ നിന്ന് മൊത്തമായെത്തിച്ചാണ് വിൽപ്പന. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം, മാങ്കാവ്, കോഴിക്കോട് ബീച്ച് തുടങ്ങി ജില്ലയിലെ മലയോര മേഖല വരെ മാഫിയ താവളമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളും യുവാക്കളും താമസിക്കുന്ന ഹോസ്റ്റലുകൾ, സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചും വിൽപ്പനയുണ്ട്. ഗോവ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും എം.ഡി.എം.എ എത്തിക്കുന്നുണ്ട്. പരിചയക്കാർക്കോ അവർ ശുപാർശ ചെയ്യുന്നവർക്കോ മാത്രമേ നൽകൂ. മഫ്ടിയിൽ പൊലീസുകാർ പരിശോധനക്കെത്തുന്നത് ഭയന്നാണിത്. വീടുകൾ വാടകയ്ക്കെടുത്തും വിൽപ്പന വ്യാപകമാണ്.

ഫോണിനുള്ളിൽ വച്ചും വിൽപ്പന

പഴയ നമ്പർ ഫോണുകളിലെ ബാറ്റരിയും മറ്റും ഊരിമാറ്റി അതിനകത്ത് ഒളിപ്പിച്ചും വിൽക്കുന്നുണ്ട്. മെഡിക്കൽ കോളേജ് പരിസരത്തും മറ്റും ഇത്തരത്തിൽ വിൽപ്പനയുണ്ടെന്നാണ് വിവരം. വിൽപ്പനക്കാരെ നാട്ടുകാർ പിടികൂടുകയോ അധികൃതരെ അറിയിക്കുകയോ ചെയ്യുന്നതിനാൽ സംശയം തോന്നാതിരിക്കാനാണ് പുതിയ തന്ത്രം.

ലക്ഷ്യം പണമുണ്ടാക്കൽ

പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എം.ഡി.എം.എ വിൽക്കുന്നവരിൽ വിമുക്തഭടന്മാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും വിദേശത്തു നിന്ന് തിരിച്ചെത്തിയവരുമുണ്ട്. കോഴിക്കോട്ട് നിന്ന് ഈയാഴ്ച അരക്കോടിയുടെ എം.ഡി.എം.എ പിടികൂടിയ കേസിൽ വിമുക്തഭടനുണ്ട്. 15 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിലെത്തിയ തൊട്ടിൽപ്പാലം സ്വദേശി സിഗിൻ ചന്ദ്രൻ പിടിയിലായിരുന്നു.

ലഹരി കേസുകളുടെ കണക്ക് 2025

(പൊലീസ് പിടികൂടിയത്)

ആകെ...1869. അറസ്റ്റിലായവർ.... 2094 ലഹരി മരുന്നു ഉപയോഗിച്ച കേസുകൾ....1528

2025ൽ പിടിച്ചെടുത്ത ലഹരിമരുന്ന്

• കഞ്ചാവ്....135.144 കിലോ • എം.ഡി.എം.എ....3.938 കിലോ

• ഹാഷിഷ് ഓയില്‍....1.33 കിലോ • ബ്രൗൺഷുഗർ....88.18 ഗ്രാം • എം.ഡി.എം.എ ടാബ് ....49.58 ഗ്രാം • മെത്താംഫെറ്റമിന്‍.... 80.77 ഗ്രാം • കഞ്ചാവ് ചെടി.... 16 എണ്ണം • എൽ.എസ്.ഡി സ്റ്റാമ്പ്... 204 എണ്ണം

ഇക്കൊല്ലം ഇതുവരെ

കേസുകൾ.... 8

അറസ്റ്റിലായവർ....11

ആകെ പിടിച്ചെടുത്ത ലഹരി മരുന്ന്

എം.ഡി.എം.എ... 917.4 ഗ്രാം