ചെങ്ങന്നൂരിൽ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ചെങ്ങന്നൂർ: കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മാന്നാർ മുട്ടേപ്പള്ളി കുട്ടമ്പേരൂർ മംഗലത്തേത്ത് കാട്ടിൽതെക്കേതിൽ രതുൽ രാജ് (22) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 2.535 കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കല്ലിശേരി പൊട്ടക്കുളം ഭാഗത്ത് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് 3.35 ഓടെ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധനയിലാണ് പ്രതി പിടിയിലായത്. കഞ്ചാവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട രണ്ടാം പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും, പ്രദേശത്തെ ലഹരി വിൽപ്പന സംഘങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ചെങ്ങന്നൂർ സി.ഐ എ.സി. വിപിൻ പറഞ്ഞു. സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ എം.ടി. മധുകുമാർ, ഗ്രേഡ് എസ്.ഐ അജേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മിഥിലാജ്, എ.എസ്.ഐ ദിനേഷ് ബാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.