കൊല്ലം കോടതി വരാന്തയിൽ യുവാവിന് നേരെ വധശ്രമം; പ്രതി പിടിയിൽ
കൊല്ലം: കോടതി വരാന്തയിൽ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്കുമുറിയിൽ മണിമന്ദിരം വീട്ടിൽ ചിക്കു (30) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കൊല്ലം IVth അഡീഷണൽ സെക്ഷൻസ് കോടതി വരാന്തയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാട്ടിൽകടവ് സ്വദേശിയായ രാഹുലിന് (34) നേരെയാണ് ആക്രമണമുണ്ടായത്. പ്രതിയുടെ സുഹൃത്ത് വിഷ്ണുവിനെ എം.ഡി.എം.എ കേസിൽ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തതിന് കാരണം രാഹുൽ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രാഹുലിനെ തടഞ്ഞുനിറുത്തിയ പ്രതി തലയ്ക്കടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കൈവശമിരുന്ന ആയുധം ഉപയോഗിച്ച് നെഞ്ചിൽ കുത്താൻ ശ്രമിച്ചു. എന്നാൽ കുത്ത് മുതുകിലാണ് കൊണ്ടത്. ആക്രമണത്തിന് ശേഷം പരിക്കേറ്റ രാഹുൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസെടുക്കുകയും പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.