ഇ.ഡി-പശ്ചിമ ബംഗാൾ സർക്കാർ ഏറ്റുമുട്ടൽ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ഐ-പാകിന്റെ കൊൽക്കത്ത ഓഫീസിൽ ഇ.ഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട തർക്കം സുപ്രീംകോടതിയിൽ. കൊൽക്കത്ത ഹൈക്കോടതിയിൽ ഇ.ഡി നൽകിയ ഹർജി 14ന് പരിഗണിക്കാനിരിക്കെയാണിത്.
ഇ.ഡി പെട്ടെന്നുള്ള നടപടിക്കൊരുങ്ങുമെന്ന് കണക്കുകൂട്ടി പശ്ചിമ ബംഗാൾ സർക്കാരാണ് ഇന്നലെ ആദ്യം തടസവാദ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ഹർജിയിൽ പറയുന്നു. പിന്നാലെ ഇ.ഡി സുപ്രീംകോടതിയിൽ ഹർജി നൽകി. ഐ-പാക് ആസ്ഥാനത്തും ഡയറക്ടർ പ്രതീക് ജെയിനിന്റെ കൊൽക്കത്ത വസതിയിലും നടത്തിയ റെയ്ഡുകൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ബംഗാൾ സർക്കാർ തടഞ്ഞതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത്.
വ്യാഴാഴ‌്ച റെയ്ഡ് നടക്കുമ്പോൾ സ്ഥലത്തെത്തിയ മമത ചില ഫയലുകളും ഇലക്ട്രോണിക് രേഖകളും എടുത്ത് കൊണ്ടുപോയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ ഹർജി. വെള്ളിയാഴ്‌ച ഇതേ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇ.ഡി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി മുറിയിലെ തിക്കും തിരക്കും കണക്കിലെടുത്ത് ജസ്റ്റിസ് സുബ്ര ഘോഷ് കേസ് 14ലേക്ക് മാറ്റുകയായിരുന്നു. കോടതി മുറിയിൽ തൃണമൂൽ-ബി.ജെ.പി അനുകൂല അഭിഭാഷകർ തിങ്ങി നിറഞ്ഞതാണ് ജഡ്‌ജിയിെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇ.ഡി അഭിഭാഷകൻ ആക്ടിംഗ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുജോയ് പോളിന് മുമ്പാകെ കേസ് മെൻഷൻ ചെയ്തെങ്കിലും ഇടപെടാൻ വിസമ്മതിച്ചു.
റെയ്ഡ് തടഞ്ഞ മുഖ്യമന്ത്രി,ബംഗാൾ ഡി.ജി.പി രാജീവ് കുമാർ,കൊൽക്കത്ത പൊലീസ് കമ്മിഷണർ മനോജ് വർമ്മ തുടങ്ങിയവർക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയിലും ഇഡി ആവശ്യപ്പെട്ടത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂൽ സ്ഥാനാർത്ഥികളുടെ സാദ്ധ്യതകൾ,പ്രചാരണ തന്ത്രം,പദ്ധതികൾ എന്നിവയുടെ വിശദാംശങ്ങൾ മോഷ്ടിക്കാനാണ് ഇ.ഡി ഐ-പാക് ഓഫീസിലും പ്രതീക് ജെയിനിന്റെ വസതിയിലും റെയ്ഡ് നടത്തിയതെന്ന് മമത ആരോപിക്കുന്നു.
ഇ.ഡി.ക്കെതിരെ പൊലീസ്
ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഷേക്സ്പിയർ സ്ട്രീറ്റ്, ഇലക്ട്രോണിക്സ് കോംപ്ലക്സ് പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്‌തു. ഐ-പാക് ജീവനക്കാരും ജെയിനിന്റെ കുടുംബവും നൽകിയ പരാതിയിലാണിത്. ഇരു സ്ഥലത്തു നിന്നും സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പൊലീസ് പറഞ്ഞു.