കവിയൂരിലെ മിനി എം.സി.എഫുകൾ തീയിട്ട് നശിപ്പിച്ചു
തിരുവല്ല : കവിയൂർ പഞ്ചായത്തിലെ നാല് സ്ഥലങ്ങളിൽ മാലിന്യശേഖരണത്തിനായി സ്ഥാപിച്ച മിനി എം.സി എഫുകൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പുന്നിലം, കുരുതി കാമൻകാവ്, ചാമയ്ക്കൽ, കോട്ടാ മുണ്ടകം എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന മിനി എം.സി എഫുകളാണ് ഇന്നലെ പുലർച്ചെ കത്തിച്ചത്. കയറ്റി അയയ്ക്കാനായി ഇവിടെ സൂക്ഷിച്ചിരുന്ന പ്ളാസ്റ്റിക് ഉൾപ്പെടെ കത്തിയതിനാൽ പ്രദേശത്താകെ ദുർഗന്ധം രൂക്ഷമാണ്. എന്തിനാണ് കത്തിച്ചതെന്നോ ആരാണ് കത്തിച്ചതെന്നോ വിവിവരം ലഭിച്ചിട്ടില്ല. വീടുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ തരം തിരിക്കാനായി എം.സി എഫുകളിലാണ് സൂക്ഷിക്കുന്നത്. ഇവിടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ പിന്നീട് നീക്കം ചെയ്യുന്ന രീതിയാണ് തുടർന്ന് വരുന്നത്. പഞ്ചായത്ത് നൽകിയ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്നലെ പുലർച്ചെ 1.30ന് ബൈക്കിലെത്തിയ ഒരാൾ എം.സി എഫ് കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭിക്കാൻ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിലെ പ്രതികളെ അടിയന്തരമായി കണ്ടെത്താൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.