വൈദികനെ ആക്രമിച്ച കേസ്: പ്രതിയെ കോടതി വെറുതേവിട്ടു
Sunday 11 January 2026 12:29 AM IST
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിന് മുന്നിൽ വച്ച് വൈദികനെയും ഭാര്യയെയും ആക്രമിച്ചെന്ന കേസിൽ പ്രതിയെ കോടതി വെറുതേ വിട്ടു. അബ്ദുൽ നാസറിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചത്.
2021 ഫെബ്രുവരി 23ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മുളന്തുരുത്തി മാർത്തോമാ പള്ളിയിലെ വൈദികനായ ഫാ. സ്ലീബാ കാട്ടുമങ്ങാട്ടും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. ആക്രമണത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചതായും എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറഞ്ഞിരുന്നു.
വിചാരണവേളയിൽ വൈദികനും ഭാര്യയും ഉൾപ്പെടെ ഏഴ് സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതിക്കുവേണ്ടി അഭിഭാഷകരായ രാഹുൽ പരമേശ്വരൻ, അരുൾ മുരളീധരൻ, കെ.വി. ശ്രീകുമാർ എന്നിവർ ഹാജരായി.