മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ

Sunday 11 January 2026 12:31 AM IST

കയ്പമംഗലം: ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 1.40 ലക്ഷം തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നിരവധി വ്യാജ സ്വർണ്ണ തട്ടിപ്പ് കേസിൽ പ്രതിയായ എടത്തിരുത്തി കുട്ടമംഗലം പോക്കാക്കില്ലത്ത് ബഷീർ (49), കൂരിക്കുഴി സ്വദേശി പോത്തേടത്ത് ഹുസൈൻ (64) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചെന്ത്രാപ്പിന്നി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 2025 ഡിസംബർ 15നും 2026 ജനുവരി ഒന്നിനുമായി 16.7 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങൾ സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ച് പണയം വെച്ചു. ഇതിലൂടെ 1.43 ലക്ഷമാണ് തട്ടിയത്. വീണ്ടും ഇതേ സ്ഥാപനത്തിലെത്തി വള പണയം വയ്ക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ നേരത്തെ പണയം വെച്ച വളകൾ വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. കയ്പ്പമംഗലം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതികളെ പിടികൂടി. ബഷീർ കയ്പമംഗലം, കാട്ടൂർ, വലപ്പാട് സ്റ്റേഷനിലായി വ്യാജ സ്വർണ്ണം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് ആറ് കേസടക്കം ഏഴ് ക്രിമിനൽ കേസിലെ പ്രതിയാണ്. ഹുസൈൻ കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ സ്വർണ്ണം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.ഐ ഋഷിപ്രസാദ്, എ.എസ്.ഐ രാജേഷ്, ജി.എസ് സി.പി.ഒ സുനിൽ കുമാർ, സി.പി.ഒ ഡെൻസ്‌മോൻ, സി.പി.ഒ ശരത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.