വാഹന മോഷ്ടാവ് അറസ്റ്റിൽ

Sunday 11 January 2026 12:32 AM IST

ചാലക്കുടി: പരിയാരം പൂവത്തിങ്കൽ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൊലെറോ പിക്ക് അപ്പ് വാൻ മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസിൽ പ്രതിയായ പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ നസീറിനെയാണ് (50) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ചാലക്കുടി പോട്ട പയ്യപ്പിള്ളി വീട്ടിൽ റിബിന്റെ വാഹനമാണ് മോഷ്ടിച്ചത്. വാഹനം കാണാതായതോടെ ചാലക്കുടി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയമായ അന്വേഷണത്തിൽ പൊലീസ് വലയിലാക്കി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ നസീറിനെ റിമാൻഡ് ചെയ്തു. ചാലക്കുടി, അതിരപ്പിള്ളി, ഗുരുവായൂർ ടെമ്പിൾ, പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനുകളിലായി നാല് മോഷണക്കേസും ഒരു അടിപിടി കേസും അടക്കം 7 ക്രിമിനൽ കേസിലെ പ്രതിയാണ് നസീർ. ചാലക്കുടി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ.സജീവ്, സബ്ബ് ഇൻസ്‌പെക്ടർ അജിത്ത്, ജി.എസ്.ഐ ഉണ്ണിക്കൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ അമൽ, റെജിൻ, സോനു, ദീപു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.