മുൻ വൈരാഗ്യത്താൽ വയോധികനെ മർദ്ദിച്ച പ്രതി റിമാൻഡിൽ
വെള്ളിക്കുളങ്ങര: മുൻ വൈരാഗ്യത്താൽ കടയുടെ മുന്നിലിരുന്ന് പത്രം വായിക്കുകയായിരുന്ന വയോധികനെ മർദ്ദിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ചെമ്പുച്ചിറ ഐപ്പുട്ടിപടി കുന്നുകാട്ടിൽ അലക്‌സിനെയാണ് (53) പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി എട്ടിന് രാവിലെ 6.45ന് ഐപ്പുട്ടിപടിയിലുള്ള തൈശുവളപ്പിൽ മനോജിന്റെ ഉടമസ്ഥതയിലുള്ള കടയുടെ മുന്നിലായിരുന്നു സംഭവം. കടയ്ക്ക് മുന്നിലെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന മറ്റത്തൂർ ഐപ്പുട്ടിപടി നന്തിപുലം വീട്ടിൽ ഉണ്ണിച്ചെക്കനാണ് (72) മർദ്ദനമേറ്റത്. നേരത്തെ പ്രതി അലക്‌സ് ഉണ്ണിച്ചെക്കന്റെ മകന്റെ മകനെ അസഭ്യം പറയുകയും തല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് തടയാൻ ശ്രമിച്ചതിലുള്ള വിരോധത്തിൽ വയോധികനെ മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.