ചികിത്സ വേണ്ടത് വയനാട് ഗവ. മെഡിക്കൽ കോളേജിന്
നിരന്തരമായ മുറവിളിക്ക് ശേഷമാണ് വയനാട് ജില്ലക്ക് ഒരു മെഡിക്കൽ കോളേജ് ലഭിച്ചത്. 2021ൽ.ഒടുവിൽ അത് മാനന്തവാടിയിൽ അനുവദിച്ചു.കഴിഞ്ഞ വർഷം ഇവിടെ നഴ്സിംങ്ങ് കോളേജ് അധ്യയനം തുടങ്ങിയെങ്കിലും എം.ബി.ബി. എസ് അധ്യയനം തുടങ്ങിയത് ഈയിടെയാണ്. മാനന്തവാടിയിൽ മെഡിക്കൽ കോളേജ് തുടങ്ങിയതിന്റെ പേരിലും തർക്കമാണ്. മെഡിക്കൽ കോളേജ് ജില്ലാ ആസ്ഥാനമായ കൽപ്പറ്റക്കടുത്ത മടക്കിമലയിൽ വേണമെന്ന ആവശ്യം ഇപ്പോഴും ഉയരുന്നുണ്ട്. അതിനായി ആക്ഷൻ കമ്മറ്റിയും പ്രവർത്തിക്കുന്നുണ്ട്.മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ അമ്പതേക്കറിൽ മെഡിക്കൽ കോളേജ് വരുമെന്ന പ്രതീക്ഷയിലാണ് കാര്യങ്ങൾ നീക്കിയത്. എന്നാൽ പരിസ്ഥിതിയുടെ പേര് പറഞ്ഞ് മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമിയിൽ അത് സാദ്ധ്യമല്ലെന്ന കണ്ടെത്തൽ ഉണ്ടായി.അതോടെയാണ് മെഡിക്കൽ കോളേജ് മാനന്തവാടിയിലേക്ക് മാറ്റിയത്. മാനന്തവാടിയിൽ ജില്ലാ ആശുപത്രിയോടനുബന്ധിച്ചാണ് മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. സത്യത്തിൽ ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യമേ ജില്ലാ ആശുപത്രിക്ക് ഉണ്ടായിരുന്നുളളു. അവിടെയാണ് മെഡിക്കൽ കോളേജ് വരുന്നത്. ഒരു ചിരട്ട കമിഴ്ത്തിയത് പോലെയുളള സൗകര്യമെ ഇവിടെയുളളു. മെഡിക്കൽ കോളേജിന്റെ സൗകര്യത്തിനായി മാനന്തവാടി പരിസര പ്രദേശങ്ങളിൽ ഭൂമി നോക്കുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ അതിന്റെ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു.സ്ഥലം എം. എൽ.എ കൂടിയായ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു അതിന് വേണ്ടി ഉൗണും ഉറക്കവും ഉപേക്ഷിച്ചതെന്ന പോലെ രംഗത്തുണ്ട്. പിന്നെ പ്രദേശത്തെ നല്ലവരായ നാട്ടുകാരും. പേര് മെഡിക്കൽ കോളേജ് എന്നാണെങ്കിലും വിദഗ്ദ ചികിത്സ ലഭിക്കണമെങ്കിൽ ഇപ്പോഴും ചുരം താണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിനെയോ അല്ലെങ്കിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഈ കുറിപ്പ് തയ്യാറാക്കുമ്പോഴും ഉളളത്. ബീക്കൺ ലൈറ്റുമിട്ട് സൈറൺ മുഴക്കി വയനാട്ടിൽ നിന്ന്ഓ രാേ സെക്കന്റിലും വാഹനങ്ങൾ കോഴിക്കോടിനെ ലക്ഷ്യം വച്ച് പായുന്നു. ഇതിനിടെ ചുരത്തിലെ അതിരക്ഷമായ ഗതാഗത കുരുക്കിൽ ജീവൻ പൊലിയുന്ന സംഭവങ്ങളും ഏറെ. നായനാർ സർക്കാരാണ് 1980 നവംബർ 1ന് വയനാട് ജില്ലക്ക് രൂപം നൽകുന്നത് . ജില്ലാ ആസ്ഥാനം കൽപ്പറ്റക്ക് നൽകിയപ്പോൾ മാനന്തവാടിയിൽ എന്തെങ്കിലും നൽകണമല്ലോ എന്ന് കരുതിയാണ് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തിയത്.ആ സ്ഥാപനമാണ് ഇപ്പോൾ മെഡിക്കൽ കോളേജായി ഉയർന്നത്.
#
എന്താണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്?
മെഡിക്കൽ കോളേജായി വയനാട് ജില്ലാ ആശുപത്രിയെ ഉയർത്തിയെങ്കിലും ഇവിടെ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത് നല്ല വാർത്തകളല്ല. ചികിത്സാ പിഴവുകൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ ,പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്ന് രണ്ടര മാസത്തിന് ശേഷം തുണിക്കഷ്ണം പുറത്ത് വന്ന സംഭവമാണ് മുഴങ്ങി കേൾക്കുന്നത്. മാനന്തവാടി പാണ്ടിക്കടവ് പാറവിളയിൽ വീട്ടിൽ ദേവി(21)യാണ് സ്ത്രീരോഗ വിഭാഗം ഡോക്ടറുടെ പേരിൽ നടപടി ആവശ്യപ്പെട്ട് മന്ത്രി ഒ. ആർ.കേളു,ജില്ലാ മെഡിക്കൽ ഓഫീസർ അടക്കമുളളവർക്ക് പരാതി നൽകിയത്. യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നടപടി ആരംഭിച്ചു എന്നതാണ് നേര്. തിരുവനന്തപുരത്ത് നിന്ന് വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പോലും പരാതിക്കാരിയെ വിളിച്ച് കാര്യങ്ങൾ തിരക്കുകയും സാമാധാനിപ്പിക്കുകയും ചെയ്തു.അതും നല്ല കാര്യം. ഇപ്പോൾ മെഡിക്കൽ കോളേജിൽ ഇത് സംബന്ധിച്ച് തീവ്രമായ അന്വേഷണം നടക്കുകയാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് അസി.ഡയറക്ടർ ഡോ:വീണാ സരോജിയുടെ നേതൃത്വത്തിൽ നാല് പേർ അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം എത്തിയത്. കൈക്കുഞ്ഞുമായി എത്തിയ ദേവിയും ഇവർക്ക് മുമ്പിൽ പരാതിയുടെ കെട്ടഴിച്ചു. ഇനി ഇതിന്റെ പേരിൽ ചെറിയൊരു നടപടി വന്നേക്കാം. എല്ലാം പിന്നെ അതിൽ ഒതുങ്ങും. പ്രശ്നം വീണ്ടും തലപൊക്കും. ഇതാണ് ഇവിടെ നടക്കുന്നത്.
#
അനാസ്ഥ ഇവിടെ തുടർക്കഥ
വയനാട് മെഡിക്കൽ കോളേജിൽ അനാസ്ഥയെ തുടർന്ന് മരണപ്പെടുന്നവരുടെ എണ്ണും വർദ്ധിക്കുകയാണ്. 2024 ഫെബ്രുവരി 29ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ടാക്സി ഡ്രൈവർ കൊയിലേരി സ്വദേശി ബിജു വർഗ്ഗീസിന്റെ മരണം ഏറെ വിവാദം ഉണ്ടാക്കി.2023 സെപ്തംബറിൽ ഹെർണിയ ചികിത്സക്കെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരൻ കൂടിയായ രോഗിക്കും മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയും പ്രതിഷേധത്തിന് ഇടയാക്കി. 2023 ഫെബ്രുവരിയിൽ മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടതായി പേര്യ ഉൗരച്ചേരി ഹാഷിം പരാതിപ്പെട്ടിരുന്നു. ഇതുകാരണം തനിക്ക് ലഭിക്കേണ്ടതായ സർക്കാർ ജോലിയും ഇയാൾക്ക് നഷ്ടമായി. വലതുകാൽ പൂർണ്ണമായും മുറിച്ച് മാറ്റേണ്ടി വന്നു. എന്നാൽ കുറ്റം ഏറ്റുപറഞ്ഞ് ഡോക്ടർമാർ മാപ്പ് അപേക്ഷിക്കാൻ തയ്യാറായപ്പോൾ ഹാഷിമിന് കരുണ തോന്നി. അത് കൊണ്ട് ഹാഷിം നടപടിക്കൊന്നും പോയതുമില്ല. എന്നാൽ പ്രശ്നം കെട്ടടങ്ങിയപ്പോൾ മാപ്പ് അപേക്ഷിച്ച് വന്ന ഡോക്ടർമാരും ഹാഷിമിനെ കൈയൊഴിഞ്ഞു. ഇപ്പോൾ ഹാഷിം എന്ത് ചെയ്യണമെന്നറിയാതെ വലയുന്നു. ഒരു കരുണ കാണിച്ചതാണ് ഹാഷിമിന് പറ്റിയ അമളി.
#
മന്ത്രി ഒ.ആർ.കേളു ഉണർന്ന് പ്രവർത്തിച്ചു
വയനാട് മെഡിക്കൽ കോളേജിൽ പ്രസവ ചികിത്സയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നിന്ന് തുണി കണ്ടെത്തിയ സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പട്ടികജാതിപട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ കേളു.വിശദമായ അന്വേഷണത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ച് പിഴവുകൾ സംഭവിച്ചിട്ടുള്ളതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.ഡോക്ടർമാർക്കോ മറ്റ് ജീവനക്കാർക്കോ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാർ അവർക്കൊപ്പം നിൽക്കില്ലെന്നും കർശന നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഈ സംഭവത്തിന്റെ പേരിൽ വയനാട് മെഡിക്കൽ കോളേജ് ആകെ മോശമാണെന്ന നിലയിലുള്ള പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രസവ വാർഡ് അടച്ചു പൂട്ടിയിട്ടിരുന്നതും ആംബുലൻസിൽ ഗർഭിണി പ്രസവിച്ച് കുട്ടികൾ മരണപ്പെട്ടിരുന്നതുമായ ദുരന്തകാലത്ത് നിന്നും മെഡിക്കൽ കോളേജ് ശക്തമായ മുന്നേറ്റമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രോഗികളുടെ കണക്കുകളും മന്ത്രി നിരത്തി.മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ മെഷീൻ സ്ഥാപിക്കാൻ അനുവദിച്ച തുക വകമാറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെയുണ്ടായിരുന്ന സി.ടി സ്‌കാൻ സംവിധാനം പരിഹരിക്കാൻ കഴിയാത്ത വിധം തകരാറിലായപ്പോഴാണ് പുതിയ സി.ടി സ്‌കാനർ സ്ഥാപിക്കാൻ സർക്കാറിലേക്ക് ശുപാർശ നൽകിയത്. ആധുനിക രീതിയിലുള്ള സി.ടി സ്‌കാൻ സംവിധാനം സ്ഥാപിക്കുന്നതിന് നാല് കോടി രൂപയെങ്കിലും ആവശ്യമായതിനാൽ നവകേരള സദസിന്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിന് ലഭിച്ച ഏഴു കോടി രൂപയിൽ നിന്നും നാലുകോടി രൂപ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള സി.ടി സ്‌കാൻ സംവിധാനം സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. വിദേശത്ത് നിന്ന് മെഷീൻ എത്താനുള്ള കാലതാമസമാണ് ഇനിയുള്ളതെന്നും മന്ത്രി ഒ. ആർ.കേളു പറഞ്ഞു.