ജനനായകന്റെ സെൻസർ: ആയുധമാക്കി സ്റ്റാലിൻ
ചെന്നൈ: വിജയ്‌യുടെ ജനനായകൻ സിനിമയ്ക്കെതിരെ സെൻസർ ബോർഡ് രംഗത്തു വന്നത്തിൽ ബി.ജെ.പിയെ പഴിചാരി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം രാഷ്ട്രീയ,സിനിമാരംഗത്ത് ചർച്ചയായി. 'സി.ബി.ഐയേയും ഇ.ഡിയേയും ഇൻകം ടാക്സിനേയും പോലെ,ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ സെൻസർ ബോർഡിനേയും പുതിയ ആയുധമാക്കിയിരിക്കുകയാണ് -സ്റ്റാലിൻ കുറിച്ചു.
വിജയ്‌യുടെ പേരില്ല,ജനനായകന്റെ പേരില്ല. പക്ഷേ,കാര്യങ്ങൾ വ്യക്തം. സ്റ്റാലിൻ എന്ന രാഷ്ട്രീയ നേതാവിന്റെ കൗശലവും വ്യക്തം. ടി.വി.കെ രൂപീകരിച്ച് ആദ്യ സമ്മേളനം മുതൽ വിജയ് തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി കാണുന്നത് സ്റ്റാലിനെയാണ്. തന്റെ ഓരോ പ്രസംഗങ്ങളിലും വിജയ് സ്റ്റാലിനും ഡി.എം.കെയ്ക്കുമെതിരെ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റാലിന്റെ കുറിപ്പും.
വിജയ്‌ക്കുള്ള തിരിച്ചടി സ്വന്തം ഗോളാക്കി മാറ്റുകയാണ് സ്റ്രാലിൻ. കരൂർ ദുരന്തത്തിനു ശേഷം വിജയ് ബി.ജെ.പിയുമായി അടുക്കുകയാണെന്ന് പ്രചാരണമുണ്ടായിരുന്നു.
ഇതിനിടെ,ജനനയകന് പ്രദർശാനുമതി ലഭിക്കാത്തതിനെതിരെ നടൻ കമലഹാസനും രംഗത്തെത്തി. 'സിനിമകളുടെ സെർട്ടിഫിക്കേഷൻ പ്രക്രിയയിൽ തത്വാധിഷ്ഠിതമായ ഒരു പുനർചിന്തനമാണ് ഇപ്പോൾ ആവശ്യം. ഇതിനായി നിശ്ചിത സമയപരിധിയും സുതാര്യമായ വിലയിരുത്തലും ഓരോ കട്ടിനും എഡിറ്റിനും കൃത്യമായ ലിഖിത വിശദീകരണവും ആവശ്യമാണ്. ചലച്ചിത്ര മേഖല ഒന്നടങ്കം ഒരുമിച്ച് നിൽക്കേണ്ട നിമിഷമാണിത്...' എന്നിങ്ങനെ പോകുന്നു 'കലയ്ക്ക് വേണ്ടി, കലാകാരന്മാർക്ക് വേണ്ടി, ഭരണഘടനയ്ക്ക് വേണ്ടി' എന്ന തലക്കെട്ടിലെ വാർത്താകുറിപ്പ്. ഇതിലും വിജയ്‌യുടെ പേരും ജനനായകൻ എന്ന പേരും ഇല്ല.
ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു. പൊങ്കൽ അവധിക്ക് ശേഷമാണ് കേസ് പരിഗണിക്കുക.