വൃക്കരോഗികളുടെ എണ്ണത്തിൽ 5 വർഷത്തിനിടെ നാലിരട്ടി വർദ്ധന

Sunday 11 January 2026 12:54 AM IST

പാലക്കാട് ജില്ലയിൽ ഡയാലിസിസിന് വിധേയമാകുന്ന വൃക്കരോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ 5 വർഷത്തിനിടെ നാലിരട്ടി വർദ്ധനവുണ്ടായെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. 2116 രോഗികളാണ് വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലും വീടുകളിലുമായി (പെരിട്ടോണിയൽ ഡയാലിസിസ്) ഡയാലിസിസ് ചെയ്യുന്നത്. സർക്കാർ ആശുപത്രികളിലെ സൗകര്യക്കുറവുകാരണം നാനൂറിലേറെ രോഗികൾ ഡയാലിസിസിനായി കാത്തിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ ഒരു ഡയാലിസിസിനു 2,500 രൂപ മുതൽ 3,000 രൂപ വരെ ഈടാക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. ഓരോ താലൂക്കിലെയും ഡയാലിസിസ് യൂണിറ്റുകളുടെ അവസ്ഥ ഇങ്ങനെ.

 രോഗികൾ കാത്തിരിക്കുന്നു പാലക്കാട് ജില്ലാ ആശുപത്രിയിലാണു ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ദിവസവും 100 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ട്. ജില്ലയിലെ മറ്റു താലൂക്കുകളിൽ നിന്നും രോഗികളെത്തുന്നുണ്ട്. നൂറിലേറെ രോഗികൾ കാത്തിരിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ പുതുതായി വരുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഒരു ഡയാലിസിസ് യൂണിറ്റ് കൂടി ആരംഭിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതു കൂടി പൂർത്തിയായാൽ ദിവസം 200 രോഗികൾക്കു ഡയാലിസിസ് നടത്താം.

 ചിറ്റൂരിൽ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും നാളിതുവരെയായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടില്ല. 35 രോഗികൾ ഡയാലിസിസിനായി കാത്തിരിക്കുകയാണ്. ജലം ശുദ്ധീകരിക്കുന്ന യന്ത്രത്തിന്റെ തകരാറാണു നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം. കമ്പനികളാണു യന്ത്രം നന്നാക്കേണ്ടത്. അവർ എത്താത്തതാണു പ്രശ്നമെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. യന്ത്രത്തകരാർ പരിഹരിച്ചാൽ ഡയാലിസിസ് തുടങ്ങാനാകും. അതേസമയം വെള്ളത്തിന്റെ ശുദ്ധിയിൽ വ്യത്യാസം കാണിച്ചാൽ ഇനിയും വൈകാം. പഴയ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ദിവസം 11 പേർക്കു മാത്രമാണു ചെയ്യാനാകുക. താലൂക്കിൽ നൂറിലേറെ രോഗികളുണ്ട്. പുതിയ യൂണിറ്റ് പ്രവർത്തനം തുടങ്ങിയാൽ 27 പേർക്കു ഡയാലിസിസ് നടത്താനാകും.

 ആലത്തൂരിൽ വലയുന്നത് 100 രോഗികൾ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് ആവശ്യത്തിന് സൗകര്യമില്ലാത്തതാണു ആലത്തൂരിലെ പ്രതിസന്ധി. പാലിയേറ്റീവ് കെയർ ഓഫീസിന്റെ മുകളിലാണ് ഡയാലിസിസ് യൂണിറ്റ് പ്രവൃത്തിക്കുന്നത്. 5 കിടക്കകളും രണ്ടു ജീവനക്കാരും മാത്രം. രണ്ടു ഷിഫ്റ്റുകളിലായി 9 പേരെ മാത്രമാണ് ഒരുദിവസം ഡയാലിസിസ് ചെയ്യാനാകുക. 100 പേർ വെയിറ്റിംഗ് ലിസ്റ്റിലാണ്. രോഗികൾ കൂടുതലായതിനാൽ സൗകര്യം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പുതിയ കെട്ടിടത്തിനായി എംഎൽഎയുടെ നേതൃത്വത്തിൽ കണ്ടെത്തിയ 51 സെന്റ് സ്ഥലമുണ്ട്. കെട്ടിട നിർമാണത്തിനു ഫണ്ടില്ല.

 ജീവനക്കാരുടെ കുറവ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണു പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത്. പക്ഷേ, ജീവനക്കാരുടെ കുറവും മറ്റു സൗകര്യങ്ങളുടെ അഭാവവുമാണ് പ്രതിസന്ധി. 30 രോഗികളാണ് ഡയാലിസിസിനായി കാത്തിരിക്കുന്നത്. 8 യന്ത്രങ്ങളുണ്ട് ഇവിടെ. നിലവിൽ ഒരു ഷിഫ്റ്റിലാണ് പ്രവർത്തനം. 9 പേർക്ക് മാത്രമാണ് ഡയാലിസിസ് ചെയ്യാനാകുക. കൂടുതൽ ജീവനക്കാരെ നിയോഗിച്ചു രണ്ടോ മൂന്നോ ഷിഫ്റ്റ് ആക്കിയാൽ 30 പേർക്കുവരെ ദിവസം ഡയാലിസിസ് നടത്താനാകും. രോഗികളുടെ എണ്ണം കൂടിയതിനാൽ കൂടുതൽ യന്ത്രങ്ങളെത്തിച്ചു സൗകര്യം വർദ്ധിപ്പിക്കുമെന്നു എം.എൽ.എ അറിയിച്ചിട്ടുണ്ട്.

 രോഗികൾ കൂടുതൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ ഒരു ഷിഫ്റ്റിൽ ദിവസം 16 ഡയാലിസിസ് നടത്തുന്നു. രോഗികളുടെ എണ്ണം കൂടുതലുള്ളതിനാൽ മൂന്നു ഷിഫ്റ്റാക്കി ഉയർത്തണമെന്ന ആവശ്യമുണ്ട്. ഇതിനു കൂടുതൽ യന്ത്രങ്ങളും ജീവനക്കാരും ആവശ്യമാണ്. നൂറോളം രോഗികൾ കാത്തിരിക്കുന്നുണ്ട്. പുതുതായി 5 യന്ത്രങ്ങൾ കൂടി സ്ഥാപിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കെട്ടിടം പണി പൂർത്തിയായി. പുതുതായി സ്ഥാപിക്കുന്ന 5 യന്ത്രങ്ങളിൽ രണ്ടെണ്ണം രമേശ് ചെന്നിത്തലയും രണ്ടെണ്ണം നഗരസഭയും ഒരെണ്ണം ദുബായ് കെ.എം.സി.സിയുമാണ് നൽകിയത്. ഇതുകൂടി വരുന്നതോടെ കൂടുതൽ ഡയാലിസിസ് നടത്താനാകും. മണ്ണാർക്കാട് നഗരസഭയാണു തുക വകയിരുത്തുന്നത്. താലൂക്കിലെ മറ്റു പഞ്ചായത്തുകൾ വിഹിതം നൽകണമെന്നു നിർദേശമുണ്ടെങ്കിലും സഹകരിക്കുന്നില്ലെന്ന പരാതിയുണ്ട്.

 യന്ത്രങ്ങളുടെ കുറവ് കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് നൽകിയ 4 യന്ത്രങ്ങളാണുള്ളത്. ഒരു ദിവസം 15 ഡയാലിസിസ് മാത്രമാണു നടത്താനാകുക. ഒട്ടേറെ പേർ ഡയാലിസിസ് തേടി എത്തുന്നുണ്ടെങ്കിലും സൗകര്യമില്ലാത്തതിനാൽ എടുക്കാറില്ല. 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് കെട്ടിടം പൂർത്തിയായി വരുന്നു. സർക്കാരിനോട് 10 യന്ത്രങ്ങൾ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. അഗളി സ്വാമി വിവേകാനന്ദ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സൗജന്യ നിരക്കിൽ പ്രവർത്തിക്കുന്നുണ്ട്. സാമൂഹികപ്രവർത്തക ഉമാ പ്രേമന്റെ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററാണു യന്ത്രങ്ങളും ജീവനക്കാരെയും നൽകിയത്.

 മാതൃകയായി ഒറ്റപ്പാലം വ്യാഴവട്ടക്കാലത്തിലേറെയായി വൃക്കരോഗികളുടെ ആശ്രയകേന്ദ്രമാണു ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക ഡയാലിസിസ് യൂണിറ്റ്. ഇവിടെ നൽകിയതു 1.40 ലക്ഷത്തോളം സൗജന്യ ഡയാലിസിസുകൾ. സംസ്ഥാനത്ത് ഒരു താലൂക്ക് ആശുപത്രിക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടം. മന്ത്രി എം.ബി.രാജേഷ് പാർലമെന്റ് അംഗമായിരിക്കെ 2013ൽ ആണ് ഒറ്റപ്പാലത്തു ഡയാലിസിസ് യൂണിറ്റ് തുടങ്ങിയത്. നിലവിൽ 2 നിലകളിലായി 29 യന്ത്രങ്ങളുണ്ട്. 3 ഷ്ഫ്റ്റുകളിലായി 60ലേറെ ഡയാലിസിസ് നടത്തുന്നു. സർക്കാർ ഫണ്ടിനു പുറമേ, സ്വകാര്യ പങ്കാളിത്തത്തോടെ സൗകര്യങ്ങൾ വികസിപ്പിച്ചു. നഗരസഭയിലുള്ളവർക്കാണു മുൻഗണന. സമീപ പഞ്ചായത്തുകളിലുള്ളവരും ഗുണഭോക്താക്കളാണ്. എന്നിട്ടും മുന്നൂറോളം രോഗികൾ കാത്തിരിപ്പുകാരുടെ പട്ടികയിലുണ്ട്. ഇതിനകം രോഗികൾക്കു ലഭിച്ചതു 35 കോടിയോളം രൂപയുടെ സൗജന്യ സേവനം.

 70 പേർ വീട്ടിൽ ഡയാലിസിസ് ചെയ്യുന്നു രോഗികൾക്കു വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാൻ സാധിക്കുന്ന പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നതു ജില്ലയിൽ 70 രോഗികൾ. ആശുപത്രികളിൽ നേരിട്ടെത്തി നടത്തുന്ന ഹീമോ ഡയാലിസിസ് പടിപടിയായി കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണു നടപടി. ജില്ലാ ആശുപത്രിയിൽ 2015 മുതൽ പദ്ധതി നടപ്പാക്കുന്നുണ്ട്. 1,216 രോഗികൾക്ക് ഇതുവരെ പെരിട്ടോണിയൽ ഡയാലിസിസ് ചെയ്തു. അതേ സമയം പെരിട്ടോണിയൽ ഡയാലിസിസിനുള്ള കിറ്റുകളുടെ കുറവ് പദ്ധതിയെ ബാധിക്കുന്നുണ്ട്.

 പ്രമേഹം പ്രധാനകാരണം വൃക്കരോഗികളുടെ എണ്ണം വർദ്ധിക്കാനുള്ള പ്രധാന കാരണം പ്രമേഹമാണ്. അമിത രക്തസമ്മർദം, ചിലതരം അണുബാധ, പുകവലി, മരുന്നുകളുടെ ദുരുപയോഗം, വ്യായാമക്കുറവ്, ജീവിതശൈലി രോഗങ്ങൾ എന്നിവയും കാരണമാകുന്നുണ്ട്. അശാസ്ത്രീയമായ ഡയറ്റ്, മസിലുകൾ വർദ്ധിപ്പിക്കാനായും മറ്റും ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്ത പ്രോട്ടീൻ സപ്ലിമെന്റ്, ഹെൽത്ത് സപ്ലിമെന്റുകൾ എന്നിവയും വൃക്കത്തകരാറിനു കാരമാകുന്നതായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഏഴായിരത്തിലേറെ വൃക്കരോഗികളാണു രണ്ടു വർഷത്തിനിടെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ദീർഘകാല വൃക്കരോഗം ബാധിച്ചവരുടെ (ക്രോണിക് കിഡ്നി ഡിസീസ്) എണ്ണത്തിലും വൻ വർദ്ധനയുണ്ടായി.