ഹിജാബ് ധരിച്ച വനിത പ്രധാനമന്ത്രിയാകും: ഒവൈസി

Sunday 11 January 2026 1:01 AM IST

ന്യൂഡൽഹി: ഹിജാബ് ധരിച്ച വനിത ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ സോളാപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലെ ഒവൈസിയുടെ പ്രസ്‌താവന അസംബന്ധമാണെന്ന് ബി.ജെ.പി ആരോപിച്ചു. പാകിസ്ഥാനിൽ ഒരു മതത്തിൽപ്പെട്ടവർക്ക് മാത്രമേ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആകാൻ കഴിയൂ. എന്നാൽ ഡോ. ബാബാസാഹേബ് അംബേദ്കർ എഴുതിയ ഇന്ത്യൻ ഭരണഘടന പ്രകാരം ഏതൊരു പൗരനും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മേയറും ആകാം. സർവ്വശക്തന്റെ അനുഗ്രഹത്താൽ,ഹിജാബ് ധരിച്ച ഒരു മകൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ഒരു ദിവസം വരും. അതു കാണാൻ താനോ ഇന്നത്തെ തലമുറയോ ഉണ്ടായേക്കില്ല. ആ ദിവസം തീർച്ചയായും വരുമെന്നും ഒവൈസി പറഞ്ഞു.

ഒവൈസി നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയാണെന്നും അർദ്ധസത്യം മാത്രമാണ് അവതരിപ്പിക്കുന്നതെന്നും ബി.ജെ.പി എം.പി അനിൽ ബോണ്ടെ പറഞ്ഞു. മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കാൻ ഇഷ്‌ടപ്പെടുന്നില്ല. ആരും കീഴടക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഇറാനിലെ സ്ത്രീകൾ ഹിജാബിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. ഇന്ത്യയിൽ ജനസംഖ്യാ അസന്തുലിതാവസ്ഥ വർദ്ധിച്ചുവരികയാണെന്നും ഹിന്ദുക്കൾ ഒന്നിക്കണമെന്നും അനിൽ പറഞ്ഞു.