ചിരിപ്പടക്കം പൊട്ടിത്തെറിച്ച കാലം

Sunday 11 January 2026 1:08 AM IST

'ഹാലുപിടിച്ചൊരു പുലിയച്ചൻ, പുലിവാലു പിടിച്ചൊരു നായരച്ചൻ...!" പി. ഭാസ്കരന്റെ രചനയിൽ കെ. രാഘവൻ സംഗീതം നൽകി മെഹബൂബ് പാടിയ ഗാനം. ചിത്രം 'നായരുപിടിച്ച പുലിവാല്." സ്ക്രീനിൽ എസ്.പി. പിള്ള തകർക്കുകയാണ്. തിയേറ്റർ ചിരിച്ചു മറിയുന്നു. 1958-ൽ പുറത്തിറങ്ങിയ ഈ ചിത്രമാണ് മലയാളത്തിൽ ആദ്യമായി പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ സമ്മാനിച്ചതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പി. ഭാസ്കരൻ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യനായിരുന്നു നായകൻ; നായിക രാഗിണിയും.

മലയാള സിനിമയുടെ ശൈശവകാലത്തെ ഹാസ്യസ്വഭാവം വെളിപ്പെടുത്തുന്ന മറ്റൊരു സിനിമയാണ് സത്യനും ഷീലയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ഭാഗ്യജാതകം." അറുപതുകളിലെ ഹാസ്യം രണ്ടോ മൂന്നോ ഹാസ്യനടന്മാരെ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോയിരുന്നത്. അന്നത്തെ കോമഡി റോളുകൾ അടൂർ ഭാസി, ബഹദൂർ, എസ്.പി. പിള്ള എന്നീ ഹാസ്യത്രയത്തിന് നിറഞ്ഞാടാനുള്ളതായിരുന്നു. ആദ്യകാല മലയാള സിനിമകളിൽ സിനിമയുടെ മുഖ്യപ്രമേയവുമായി ബന്ധമില്ലാതെ ഹാസ്യം മറ്റൊരു വഴിക്ക് പോകുന്നതായിരുന്നു രീതി. കഥയുമായി ഒരു ബന്ധവും കോമഡി കഥാപാത്രങ്ങൾക്കും ഉണ്ടാകില്ല.

നാടകത്തിന്റെ സ്വാധീനത്തിൽ നിന്നാണ് ആ രീതി വന്നത്. നാടകത്തിലും നൃത്ത- സംഗീത നാടകത്തിലുമെല്ലാം (ബാലെ) ഹാസ്യ കഥാപാത്രങ്ങൾക്ക് 'തനിവഴി"യുണ്ടായിരുന്നു. ആദ്യകാല തമിഴ് സിനിമകളിലെ ഹാസ്യരീതികളും മലയാളം കടംകൊണ്ടു. മണ്ടത്തരങ്ങൾ സൃഷ്ടിച്ച് കാണികളെ ചിരിപ്പിക്കുക തന്നെയായിരുന്നു ആദ്യകാല ഹാസ്യനടന്മാരുടെ രീതി. കൊട്ടാരം വിദൂഷകൻ, വിദ്യാഭ്യാസമില്ലാത്തവൻ തുടങ്ങിയ വേഷങ്ങളാകും പൊതുവെ കോമഡി വേഷം ചെയ്യുന്നവർക്കായി കാത്തിരിക്കുന്നത്.

പിന്നീട് നായകനൊപ്പം നിൽക്കുന്ന നടനും,​ ചെറിയ തോതിൽ നായകൻ തന്നെയും കോമഡി ചെയ്തു തുടങ്ങി. നസീർ- അടൂർഭാസി ജോഡിയാണ് ഈ ഗണത്തിൽ ആദ്യത്തേത്. പൊലീസ് ഓഫീസറായി നസീർ എത്തുമ്പോൾ അടുത്ത് കോൺസ്റ്റബിളായി അടൂർ ഭാസിയുണ്ടാകും. 1969-ൽ റിലീസ് ചെയ്ത 'കണ്ണൂർ ഡീലക്സി"ൽ പ്രേംനസീർ സി.ഐ.ഡ‌ി ഓഫീസറും ഭാസി അസിസ്റ്റന്റുമായി. വടക്കൻ പാട്ടുകളുടെ കഥ സിനിമകളാക്കിയപ്പോൾ നസീറിനൊപ്പം അടൂർഭാസിയാണ് ചങ്ങാതിയായി എത്തിയത്. അതിന്റെയൊരു തുടർച്ച ഈ അടുത്ത കാലം വരെയുണ്ടായിരുന്നു.

മോഹൻലാൽ, ജയറാം, ദിലീപ് ചിത്രങ്ങളായിരുന്നു ആ തുടർച്ചയിൽ കൂടുതൽ. ഏറ്റവും കൂടുതൽ കോമഡി കൂട്ടുകെട്ട് നയിച്ചിട്ടുള്ള നായക നടൻ മോഹൻലാലാണ്. ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, മുകേഷ് തുടങ്ങിയവർക്കൊപ്പം മോഹൻലാൽ ചേർന്നപ്പോഴൊക്കെ ചിരിപ്പടക്കം തിയേറ്ററുകളിൽ പൊട്ടിത്തെറിച്ചിട്ടുണ്ട്.

1980-കളിലാണ് കോമഡി സിനിമയിൽ കാര്യമായ മാറ്റമുണ്ടാകുന്നത്. ഗ്രാമീണ നർമ്മവും കഥാപാത്രങ്ങളുമായി സത്യൻ അന്തിക്കാട് രംഗത്തെത്തി. മലയാളികൾക്ക് പരിചിതവും അല്ലാത്തതുമായ പരിസരങ്ങൾ സൃഷ്ടിച്ച് അതിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയി,​ പ്രിയദർശൻ.

ചിരിപ്പിക്കുന്ന നായകനായി മോഹൻലാലിനെആദ്യം അവതരിപ്പിച്ചതും പ്രിയദർശനാണ്. 1984-ൽ പുറത്തിറങ്ങിയ 'പൂച്ചയ്‌ക്കൊരു മൂക്കുത്തി"യിൽ അതുവരെ കണ്ട ലാലിനെയല്ല പ്രേക്ഷകർ കണ്ടത്. തുടർന്നെത്തിയ 'ഓടരുതമ്മാവാ ആളറിയാം" എന്ന ചിത്രത്തിൽ മുകേഷിനെയും ശ്രീനിവാസനെയും പ്രിയദർശൻ ചിരിപ്പിക്കുന്ന നായകന്മാരാക്കി. ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിലെ മോഹൻലാൽ- മുകേഷ് കോമ്പിനേഷൻ

കോമഡി രംഗങ്ങൾ ഹിറ്റായതോടെ പിന്നീട് പല പ്രിയൻ പടങ്ങളിലും മോഹൻലാൽ- മുകേഷ് കൂട്ടുകെട്ട് ആവർത്തിച്ചു. 'അറബീം ഒട്ടകവും പി. മാധവൻ നായരു"മാണ് ഈ കൂട്ടുകെട്ടിന്റെ അവസാന ചിത്രം.

നെടുമുടി വേണു എന്ന നടനിലെ ഹാസ്യഭാവത്തെ പല രൂപത്തിൽ സ്ക്രീനിൽ എത്തിച്ചതും പ്രിയനാണ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'കുറുക്കന്റെ കല്യാണം" മറ്റൊരു വഴിത്തിരിവായിരുന്നു. 1982-ൽ പുറത്തിറങ്ങിയ ആ ചിത്രത്തിൽ സുകുമാരനും മാധവിയും അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ഹാസ്യ സ്വഭാവമുണ്ടായിരുന്നു. അതുവരെ സീരിയസ് വേഷങ്ങളിൽ തിളങ്ങിയിരുന്ന സുകുമാരന് ചിരി വഴങ്ങുന്നത് വലിയ ചർച്ചയായി.

ഗ്രമീണ കഥാപാത്രങ്ങളുടെ ഒരു നിര തന്നെ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ചു. രാഷ്ട്രീയക്കാരനും വെളിച്ചപ്പാടും കപടഭക്തനുമെല്ലാം കഥാപാത്രങ്ങളായി. മാമുക്കോയ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, പറവൂർ ഭരതൻ,​ കെ.പി.എ.സി ലളിത,​ ഫിലോമിന എന്നിവരെല്ലാം ആവോളം ചിരിപടർത്തി. സത്യനും പ്രിയനും മുമ്പ് എത്തിയ ബാലചന്ദ്ര മേനോൻ മലയാള സിനിമയിൽ ഇടം കണ്ടെത്തിയതും ഹാസ്യത്തിന്റെ മേമ്പൊടിയിൽ കഥ പറഞ്ഞുകൊണ്ടാണ്. കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം, ആരാന്റെ മുല്ല കൊച്ചുമുല്ല, ശേഷം കാഴ്ചയിൽ,​ എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി തുടങ്ങിയ സിനിമകളെയെല്ലാം നയിച്ചത് ചിരി തന്നെയായിരുന്നു.

സ്വരം നന്നായിരിക്കെ

പാട്ട് നിറുത്തും

മലയാളത്തിന് പുതിയൊരു ചിരിവഴി നൽകിയ പ്രിയദർശൻ സംസാരിക്കുന്നു:

?​ മലയാളത്തിൽ ഹാസ്യം കുറയുന്നതിനു കാരണം എഴുത്തുകാരുടെ പ്രശ്നമാണോ അതോ ആസ്വാദകരില്ലാഞ്ഞിട്ടാണോ.

 എഴുത്തുകാരുടെ പ്രശ്നമാണ്. അല്ലാതെ,​ ആസ്വാദകർക്ക് പ്രശ്നമൊന്നുമില്ല. ഹാസ്യത്തിന് എല്ലാ കാലത്തും ആസ്വാദകരുണ്ടാകും. 'വിറ്റ്" ഒരു ഹാസ്യമാണ്. വിറ്റടിക്കുക എന്ന പ്രയോഗം തന്നെയുണ്ടായിരുന്നു.

പിന്നത്തേത് 'ജോക്സ്" അഥവാ ഫലിതം. സ്ലാപ്സ്റ്റിക് കോമഡി എന്നത് ചാർലി ചാപ്ളിൻ ചെയ്യുന്നതു പോലെയുള്ള കോമഡിയാണ്. പിന്നെയുള്ളത് 'ബഫൂണറി." അതിന്റെ വേറൊരു രൂപമാണ് മിമിക്രി. ഹാസ്യത്തിന്റെ ഏറ്റവും താഴെയാണിത്. ഇവ നാലിനെയും വേണ്ട സ്ഥലങ്ങളിൽ ഉപയോഗിച്ചാണ് ഞാൻ സിനിമ ചെയ്തിരുന്നത്. വാക്കുകൾ കൊണ്ടുള്ള ഫലിതത്തെക്കാൾ സിറ്ര്വേഷനിൽ നിന്നാണ് ഫലിതം ഉണ്ടാക്കിയിരുന്നത്.

?​ ഇതേ സമയത്തു തന്നെയാണ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ വരുന്നതും നിങ്ങൾ രണ്ടു പേരും ശ്രീനിവാസന്റെ തിരക്കഥകളിൽ നിന്ന് സിനിമകൾ സൃഷ്ടിച്ചതും...

 അതെ, എന്റെയും സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും ചിന്തകളെല്ലാം ഒന്നുതന്നെ ആയിരുന്നു.

അവരവരുടേതായ രീതിയിലാണ് ഞങ്ങൾ സിനിമ ചെയ്തിരുന്നത്. സത്യൻ റിയലിസ്റ്റിക്കായി ചെയ്തു. ഞാൻ വളരെ അൺറിയലിസ്റ്റിക്കായിട്ട് ചെയ്തു. ശ്രീനിവാസനും ഞാനും കൂടുമ്പോൾ സത്യനും പ്രിയദർശനും ഇടയിലൂടെയുള്ള ഒരു സിനിമ ഉണ്ടാകും. അതിനൊരു ഉദാഹരണമാണ് 'വെള്ളാനകളുടെ നാട്."

?​ ഇപ്പോൾ ഹാസ്യത്തിന് എന്തു പറ്റി.

 ഇന്നത്തെ ഹാസ്യം നമുക്കറിയില്ല. അവരുടെ ചിന്തകളല്ല നമ്മുടേത്. പക്ഷെ, അവർ നമ്മുടെയൊക്കെ പഴയ സിനിമകൾ കണ്ട് ആസ്വിക്കുന്നുണ്ട്. എന്റെ മകൾ (കല്യാണി) ഉൾപ്പെടെയുള്ള പുതിയ കുട്ടികളുടെ മനസ്സ് നമുക്ക് മനസിലാകുന്നില്ല.

?​ പുതിയൊരു കോമഡി ചിത്രം ഒരുക്കുമോ.

 സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്തുക എന്നതാണ് എന്റെ രീതി. അതാണ് ഞാൻ ചെയ്യാൻ പോകുന്നത്.

(തുടരും)​