ഞാൻ  ഉറക്കെ,  എനിക്ക്  പീരീഡ്‌സ്   ആണ് വസ്ത്രംമാറാൻ പോകണം  എന്നു പറഞ്ഞു; ഷൂട്ടിംഗ് സെറ്റിലെ അനുഭവം വെളിപ്പെടുത്തി പാർവതി

Sunday 11 January 2026 5:22 AM IST

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്സിക്കിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ സംവിധായികയ്‌ക്കൊപ്പം വിമർശനം ഏറ്റുവാങ്ങുകയാണ് നടി പാർവതി തിരുവോത്തും. ടീസറിലെ വിവാദമായ രംഗങ്ങളുമായി ബന്ധപ്പെട്ട് ഗീതുമോഹൻദാസിന്റെ നിലപാടുകൾക്കെതിരെ പാർവതി മൗനം പാലിക്കുന്നുവെന്നാണ് ഉയരുന്ന വിമർശനം. എന്നാൽ ആദ്യടീസർ ഇറങ്ങിയപ്പോൾ തന്നെ പാ‌ർവതി ഗീതുമോഹൻദാസിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തുവെന്നാണ് നടിയുടെ ആരാധകർ പറയുന്നത്. ഈ പശ്ചാത്തലത്തിൽ തന്റെ സ്ത്രീപക്ഷ നിലപാടുകൾ തുറന്നു പറയുന്ന പാർവതി തിരുവോത്തിന്റെ അഭിമുഖം ശ്രദ്ധ നേടുകയാണ്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചാണ് പാർവതി മനസുതുറന്നത്. തമിഴ് സിനിമയായ മരിയാനിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുവം പങ്കുവയ്ക്കുകയായിരുന്നു നടി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

ഒരു മത്സരത്തിന്റെ ഇരയാണ് ഞാൻ. ഇനിയും ഒരു കുട്ടിയും അതിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തമിഴിൽ മരിയാൻ എന്ന സിനിമ ചെയ്തു. ഒരു ദിവസത്തെ ഷൂട്ടിൽ ഞാൻ പൂർണമായും വെള്ളത്തിൽ നനഞ്ഞ് ഹീറോ റൊമാൻസ് ചെയ്യുന്ന സീനാണ്. ഞാൻ മാറ്റാൻ വസ്ത്രമെടുത്തിരുന്നില്ല. എന്റെ കാര്യങ്ങൾ നോക്കാൻ ഒപ്പം ആളുകളില്ല. ഒരു ഘട്ടമെത്തിയപ്പോൾ ഹോട്ടൽ റൂമിൽ പോയി വസ്ത്രം മാറണമെന്ന് എനിക്ക് പറയേണ്ടി വന്നു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ ഉറക്കെ, എനിക്ക് പീരീഡ്‌സ് ആണ്. എനിക്ക് പോകണം എന്നു പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവർക്ക് ഒരു ഐഡിയയും ഇല്ലായിരുന്നുവെന്നും പാർവതി പറയുന്നു.

തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും ഇതേ അഭിമുഖത്തിൽ പാർവതി വെളിപ്പെടുത്തുന്നുണ്ട്. 19-20 വയസുള്ളപ്പോൾ ലിഫ്ടിൽ വച്ച് ഒരാൾ അയാളുടെ ദേഹം എന്റെ ദേഹത്തോട് ചേർത്ത് വച്ച് അമർത്തുകയായിരുന്നു. പുറത്തിറങ്ങിയതും ഞാൻ അയാളുടെ കരണത്ത് അടി കൊടുത്തു. സെക്യൂരിറ്റി ഓടി വന്നു. അയാൾക്ക് അടി കൊടുത്തില്ലേ വിട്ടേക്കു എന്നാണ് പൊലീസ് അടക്കം പറഞ്ഞതെന്നും പാ‌ർവതി വെളിപ്പെടുത്തുന്നു. അയാൾ കരഞ്ഞുകൊണ്ട് കാലിൽ വീണു. ഗൾഫിൽ ജോലി കിട്ടിയതേയുള്ളൂ. കല്യാണം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് കരഞ്ഞു. ഇതൊക്കെ ഉണ്ടായിരുന്നിട്ടും നിനക്ക് നിന്റെ വികാരങ്ങളെ തടഞ്ഞുനിറുത്താൻ കഴിഞ്ഞില്ലേ എന്നാണ് താൻ ചോദിച്ചതെന്നും പാർവതി പറയുന്നു.