ഹിന്ദു കർഷകൻ കൊല്ലപ്പെട്ടു, പാകിസ്ഥാനിൽ പ്രതിഷേധം
കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു കർഷകനെ വെടിവച്ചു കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. ബദിൻ ജില്ലയിൽ കൈലാഷ് കോഹ്‌ലി (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഈമാസം 4നാണ് കൈലാഷിനെ, അദ്ദേഹം കൃഷിയിറക്കിയ ഭൂമിയുടെ ഉടമയായ സർഫ്രാസ് നിസാമാനി പട്ടാപ്പകൽ വെടിവച്ചു കൊന്നത്.
കൈലാഷ് കൃഷി ഭൂമിയിൽ കുടുംബാംഗങ്ങളെ താമസിപ്പിക്കാൻ ചെറിയ കുടിൽ നിർമ്മിച്ചതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. സംഭവ സമയം മദ്യ ലഹരിയിലായിരുന്ന സർഫ്രാസ്, കൈലാഷിനെ വെടിവച്ച ശേഷം കൂട്ടാളികൾക്കൊപ്പം രക്ഷപ്പെട്ടു.
ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ആയിരക്കണക്കിന് പേർ പ്രതിഷേധവുമായി രംഗത്തിറങ്ങി. രണ്ട് ദിവസമായി തുടർന്ന ദേശീയ പാത ഉപരോധം, കുറ്റക്കാരെ പിടികൂടുമെന്ന പൊലീസ് മേധാവിയുടെ ഉറപ്പിൻമേൽ താത്കാലികമായി നിറുത്തിവച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സർഫ്രാസിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് ജനങ്ങളുടെ മുന്നറിയിപ്പ്.