ഓപ്പറേഷൻ സിന്ദൂർ ആഘാതത്തിൽ പാക് സൈന്യത്തിൽ പരിഷ്‌കാരം: ജന. അനിൽ ചൗഹാൻ

Sunday 11 January 2026 6:56 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നേരിടുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാൻ ഭരണഘടനാ ഭേദഗതിയിലൂടെ സൈന്യത്തെ പരിഷ്‌കരിക്കാൻ നിർബന്ധിതരായെന്ന് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. സായുധ സേനയുടെ ഏകോപനത്തിനായി സംയുക്ത സൈനിക മേധാവി,തന്ത്രപരമായ നീക്കങ്ങൾക്ക് നാഷണൽ സ്ട്രാറ്റജിക് കമാൻഡ്,റോക്കറ്റ് കമാൻഡ് തുടങ്ങിയവയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം വെളിപ്പെടുത്തി.

തിടുക്കത്തിൽ നടത്തിയ ഭരണഘടനാ ഭേദഗതി അയൽരാജ്യത്തെ കാര്യങ്ങൾ നന്നായി നടന്നില്ലെന്നതിന്റെ തെളിവാണെന്ന് ജനറൽ ചൗഹാൻ ചൂണ്ടിക്കാട്ടി. അവരുടെ സേനയിലെ പോരായ്‌മകൾ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ വെളിച്ചത്തുകൊണ്ടുവന്നു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്‌കാലികമായി നിറുത്തിവച്ചതാണെന്നും അദ്ദേഹം ആവർത്തിച്ചു.

ഭരണഘടനയുടെ 243-ാം വകുപ്പ് ഭേദഗതി ചെയ്താണ് പാകിസ്ഥാൻ നിർണായക സൈനിക പരിഷ്‌കാരങ്ങൾക്കൊരുങ്ങുന്നത്. നിലവിൽ മൂന്ന് സേനകൾക്കിടയിലുള്ള ഏകോപനത്തിനായി സൃഷ്ടിക്കപ്പെട്ട സംയുക്ത സേനാ മേധാവികളുടെ സമിതി ചെയർമാൻ പദവി നിറുത്തലാക്കി പകരം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ (സി.ഡി.എസ്) നിയമിക്കും. പക്ഷേ പദവി സൃഷ്‌ടിക്കാനുള്ള അധികാരം കരസേനാ മേധാവിയിൽ നിക്ഷിപ്‌‌തമാക്കിയത് പോരായ്‌മയാണെന്ന് ചൗഹാൻ പറഞ്ഞു. ഭേദഗതിയിലൂടെ നാഷണൽ സ്ട്രാറ്റജിക് കമാൻഡും ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡും സൃഷ്‌ടിക്കും. പരമ്പരാഗതവും തന്ത്രപരവുമായ വീക്ഷണകോണുകളിൽ നിന്ന് സേനയുടെ കഴിവുകളെ ശക്തിപ്പെടുത്താനുള്ള നീക്കമാണിത്.

ഓപ്പറേഷൻ സിന്ദൂർ,ഉറി സർജിക്കൽ സ്‌ട്രൈക്ക്,ഡോക്‌ലാം-ഗാൽവാൻ ഏറ്റുമുട്ടലുകൾ,ബാലകോട്ട് വ്യോമാക്രമണം തുടങ്ങിയവയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്ത്യൻ സേനകളും മാറ്റത്തിന് വിധേയമാകുമെന്ന് ചൗഹാൻ പറഞ്ഞു. എല്ലാ അടിയന്തര സാഹചര്യങ്ങൾക്കും ബാധകമാകുന്ന പൊതു സംവിധാനം വികസിപ്പിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ സൈനിക ഏകോപനത്തിനുള്ള തിയേറ്റർ കമാൻഡ് 2026 മേയ് 30നുള്ളിൽ സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു.