ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം തുടരുന്നു: ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി മരിച്ചു

Sunday 11 January 2026 6:57 AM IST

ധാക്ക: ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം തുടരുന്നതിനിടെ, വീണ്ടുമൊരു ഹിന്ദു യുവാവ് കൂടി മരിച്ചു. സുനംഗഞ്ച് ജില്ലയിൽ ജോയ് മഹാപത്രോ (19) എന്ന യുവാവാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

കടം വാങ്ങിയ പണത്തിന്റെ പേരിൽ ഇയാളെ പ്രദേശവാസി മർദ്ദിച്ചതിനുശേഷം വിഷംകൊടുത്ത് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേ സമയം മർദ്ദനത്തിൽ മനംനൊന്ത് ഇയാൾ സ്വയം വിഷം കഴിച്ചതാണെന്നും റിപ്പോർട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം, ആക്രമണ ഫലമായി രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ ജീവൻ നഷ്ടമാകുന്ന എട്ടാമത്തെ ഹിന്ദുവാണ് ജോയ്. അക്രമാസക്തരായ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ 25കാരനായ ഹിന്ദു യുവാവ് മരണപ്പെട്ട് മൂന്ന് ദിവസത്തിനുശേഷമാണ് പുതിയ സംഭവം.