തനിക്ക് ലഭിച്ച നോബൽ ട്രംപിന് നൽകും: മറിയ മചാഡോ

Sunday 11 January 2026 6:57 AM IST

വാഷിംഗ്ടൺ: തനിക്ക് ലഭിച്ച സമാധാന നോബൽ സമ്മാനം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറുകയോ പങ്കിടുകയോ ചെയ്യുമെന്ന് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മറിയ കൊറീന മചാഡോ. വെനസ്വേലയിൽ യു.എസ് വ്യോമാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടിച്ചുകൊണ്ടുപോയി തടങ്കലിലാക്കിയ പിന്നാലെയാണ് മറിയയുടെ പരസ്യ പ്രതികരണം. വെനസ്വേലയെ 'സ്വതന്ത്ര"മാക്കിയതിന് ട്രംപ് പുരസ്കാരം അർഹിക്കുന്നെന്ന് മറിയ പറഞ്ഞു.

എന്നാൽ,​ ലഭിച്ച സമാധാന നോബൽ പങ്കിടാനോ, കൈമാറാനോ, അല്ലെങ്കിൽ പിൻവലിക്കാനോ സാധിക്കില്ലെന്ന് നോബൽ കമ്മിറ്റി വ്യക്തമാക്കി. സമ്മാനത്തുക ഇഷ്ടമുള്ള പോലെ വിനിയോഗിക്കാമെങ്കിലും ലഭിച്ച പദവിയിൽ മാറ്റം വരുത്താനാകില്ലെന്നും പറഞ്ഞു. മറിയയുടെ പ്രതികരണം വലിയ ബഹുമതിയാണെന്നും പുരസ്കാരം സ്വീകരിക്കുമെന്നും ട്രംപ് പ്രതികരിച്ചു. തനിക്ക് സമ്മാനം നൽകാത്തതിൽ നോബൽ കമ്മിറ്റി ഇപ്പോൾ ലജ്ജിക്കുകയാകാമെന്നും പറഞ്ഞു. അടുത്ത ആഴ്ച മറിയ വൈറ്റ് ഹൗസിലെത്തും.

അതേ സമയം, മഡുറോയെ പുറത്താക്കിയ സാഹചര്യത്തിൽ വെനസ്വേലയെ നയിക്കാൻ മറിയ താത്പര്യം അറിയിച്ചെങ്കിലും, ട്രംപ് അവഗണിക്കുകയും വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാരിനെ പിന്തുണയ്ക്കുകയുമായിരുന്നു. മറിയയ്ക്ക് വെനസ്വേലയ്ക്കുള്ളിൽ മതിയായ പിന്തുണയില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.

ട്രംപിനെ പിന്തള്ളിയാണ് കഴിഞ്ഞ വർഷത്തെ സമാധാന നോബൽ മറിയ നേടിയത്. അന്ന് തന്നെ തന്റെ പുരസ്കാരം ട്രംപിന് സമർപ്പിക്കുന്നതായി അവർ പറഞ്ഞിരുന്നു. വെനസ്വേലയിലെ ജനങ്ങൾ നടത്തുന്ന ജനാധിപത്യ പോരാട്ടങ്ങൾക്ക് യു.എസ് നൽകുന്ന പിന്തുണയെ അവർ അഭിനന്ദിക്കുകയും ചെയ്തിരുന്നു.