ഇറാന്റെ സ്വാതന്ത്ര്യത്തിന് അമേരിക്ക 'സഹായിക്കാൻ' റെഡി; പ്രക്ഷോഭത്തിനിടെ വാഗ്ദാനവുമായി ട്രംപ്
വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടികളുമായി മന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. അമേരിക്ക സഹായത്തിന് സന്നദ്ധമാണെന്ന് ട്രംപ് വ്യക്തമാക്കി. സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
'ഇറാൻ എന്നത്തേക്കാളും ഉപരിയായി ഇപ്പോൾ സ്വാതന്ത്ര്യത്തിനായി ദാഹിക്കുകയാണ്. അവരെ സഹായിക്കാൻ അമേരിക്ക തയ്യാറാണ്.'- അദ്ദേഹം കുറിച്ചു. ഇറാനിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയാണെന്നും അതിന് പിന്തുണ നൽകുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ വലിയ പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ആവശ്യമുണ്ടെങ്കിൽ സൈനിക നീക്കത്തിന് ഉത്തരവിടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ ഇസ്ലാമിക് റിപ്പബ്ലിക് അധികൃതർ പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന നടപടികൾ കടുപ്പിച്ച സാഹചര്യത്തിലാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ട്രംപിന്റെ പ്രതികരണം എത്തുന്നത്. ട്രംപിന്റെ പ്രസ്താവന ഇറാൻ-അമേരിക്ക ബന്ധത്തിൽ കൂടുതൽ അസ്വാരസ്യങ്ങൾക്ക് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.