ചോദ്യപേപ്പറിൽ നായക്കുട്ടിയുടെ പേര് 'റാം' എന്ന് ചേർത്തു; മതനിന്ദ ആരോപിച്ച് പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്‌പെൻഷൻ
റായ്‌പൂർ : പരീക്ഷാ ചോദ്യപേപ്പറിൽ മതനിന്ദയെന്നാരോപിച്ച് സർക്കാർ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്‌പെൻഷൻ. ഛത്തീസ്‌ഗഡിലാണ് സംഭവം. നാലാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ അർധ വാർഷിക പരീക്ഷയിലെ ഇംഗ്ലീഷിന്റെ ചോദ്യപേപ്പറാണ് വിവാദത്തിലായത്. 'മോനയുടെ നായ്‌ക്കുട്ടിയുടെ പേരെന്താണ് എന്നതായിരുന്നു ചോദ്യം. ഇതിന് ഉത്തരമായി ബാല, ഷേരു, റാം തുടങ്ങിയ ഓപ്‌ഷനുകളാണ് നൽകിയിരുന്നത്. ഇതിലെ റാം എന്ന പേരാണ് വിവാദത്തിന് കാരണമായത്. ദൈവത്തിന്റെ പേര് നായക്കുട്ടിക്ക് നൽകിയെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
നക്തി ജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യപികയായ ശിഖ സോണിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്. ചോദ്യപേപ്പറിന്റെ മോഡറേറ്ററായിരുന്ന നർമദ വർമ്മയ്‌ക്കെതിരെയും അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. കരാർ ജീവനക്കാരിയായ നർമ്മദയെ പിരിച്ചുവിടാനും സാദ്ധ്യതയുണ്ട്.
റായ്‌പൂർ ഡിവിഷനിലെ മഹാസമുന്ദ് ജില്ലയിലാണ് വിവാദങ്ങൾ ആരംഭിച്ചത്. പിന്നീടത് മറ്റു ജില്ലകളിലേക്ക് പടരുകയായിരുന്നു. പരാതിയെ തുടർന്ന് അഞ്ചംഗ സമിതിയെ നിയോഗിച്ചതിന്റെ ഭാഗമായാണ് അദ്ധ്യാപകർക്കെതിരെ നടപടിയെടുത്തത്.
അതേസമയം, ചോദ്യപേപ്പർ തയ്യാറാക്കിയപ്പോഴുണ്ടായ പിശകാണ് റാം എന്ന പേരു വരാൻ കാരണമെന്ന് ശിഖ സോണി പ്രതികരിച്ചു. രാമു എന്നാണ് ഉദ്ദേശിച്ചതെന്നും ഇംഗ്ലീഷിൽ തയ്യാറാക്കിയപ്പോൾ രാമു എന്നതിനു പകരം റാം എന്നായിപ്പോയതാണെന്നും ശിഖ സോണി വിശദീകരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് നർമ്മദ വർമ്മയും മറുപടി നൽകി.