പ്രഭാസിന്റെ രംഗമെത്തിയപ്പോൾ ആരതി ഉഴിഞ്ഞ് പടക്കം പൊട്ടിച്ച് ഫാൻസ്, പിന്നാലെ തിയേറ്ററിൽ വൻ തീപിടുത്തം
റായ്ഗഡ്: സൂപ്പർ താരം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദ രാജാ സാബ്' പ്രദർശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററിൽ തീപിടുത്തം. ഒഡീഷയിലെ റായ്‌ഗഡ ജില്ലയിലുള്ള അശോക് ടാക്കീസിലാണ് സംഭവം. പ്രഭാസിന്റെ ഇൻട്രൊഡക്ഷൻ സീനിനിടെ ആരാധകർ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിക്കുകയും ആരതി ഉഴിയുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്.
സിനിമയിലെ പ്രഭാസിന്റെ രംഗം വന്നപ്പോൾ സ്‌ക്രീനിന് സമീപമിരുന്ന ഒരു കൂട്ടം ആരാധകർ ആഘോഷം തുടങ്ങുകയായിരുന്നു. ഇതിനിടെ ഇവർ പടക്കം പൊട്ടിക്കുകയും ആരതി ഉഴിയുകയും ചെയ്തതോടെയാണ് സ്‌ക്രീനിന് സമീപമുള്ള ഭാഗങ്ങളിൽ തീ പടർന്നത്. പെട്ടെന്നുണ്ടായ തീപിടുത്തത്തിൽ ഹാളിലുണ്ടായിരുന്ന കാണികൾ പരിഭ്രാന്തരായി ചിതറിയോടി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തീപിടിത്തം ഉണ്ടായ ഉടൻ പ്രദർശനം നിർത്തിവയ്ക്കുകയും കാണികളെ സുരക്ഷിതമായി തിയേറ്ററിനു പുറത്തെത്തിക്കുകയും ചെയ്തു. തിയേറ്ററിന്റെ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.
മാരുതി രചനയും സംവിധാനവും നിർവ്വഹിച്ച 'ദ രാജാ സാബ്' ജനുവരി 9നാണ് തിയേറ്ററുകളിൽ എത്തിയത്. പ്രഭാസിനൊപ്പം മാളവിക മോഹനൻ, നിധി അഗർവാൾ, റിധി കുമാർ, സഞ്ജയ് ദത്ത്, ബൊമൻ ഇറാനി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം മലയാളം അടക്കം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്. അൽഷിമേഴ്സ് ബാധിച്ച തന്റെ മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റാൻ കൊച്ചുമകൻ നടത്തുന്ന വൈകാരിക യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറർ-കോമഡി ജോണറിൽപ്പെട്ട ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്.
Fire broke out in the Ashok Talkies Hall in Rayagada South superstar #Prabhas' film was playing in the hall Incident during Prabhas' entry in the cinema During Prabhas' entry, fans shouted and threw arrows in front of the screen.#Rayagada #FireIncinemahall #Odisha pic.twitter.com/88Nhh5ysDY
— Siraj Noorani (@sirajnoorani) January 10, 2026