മകൾക്കൊപ്പം പാട്ടിന് ചുവടുവച്ചും ചിരിച്ചും വിജയകുമാർ,​ അച്ഛന്റെ എഴുപതാം പിറന്നാൾ ആഘോഷമാക്കി നടി സ്വാസിക

Sunday 11 January 2026 5:02 PM IST

മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സ്വാസിക വിജയ്. വളരെ കുറച്ച് കഥാപാത്രങ്ങളാണ് ചെയ്തതെങ്കിൽക്കൂടി അവ ഓരോന്നും പ്രേക്ഷകർ ഏറ്റെടുത്തവയാണ്. ഇപ്പോഴിതാ തന്റെ അച്ഛൻ വിജയ കുമാറിന്റെ എഴുപതാം പിറന്നാൾ അതി മനോഹരമായി ആഘോഷമാക്കിയതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സ്വാസികയുടെ സന്തോഷം ആരാധകരും ഏറ്റെടുത്തു.

'അച്ഛയ്ക്ക് എഴുപതായി. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ആഘോഷിക്കുന്ന അച്ഛന്റെ ആദ്യ പിറന്നാളാണിത്. അതുകൊണ്ട് തന്നെ ഇത് എനിക്ക് ഏറെ സ്‌പെഷ്യലാണ്' സ്വാസിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അച്ഛന് പൊന്നാട അണിയിച്ചും കാൽതൊട്ട് വന്ദിച്ചുമാണ് താരം അനുഗ്രഹം വാങ്ങിയത്.

പൊതുവെ ക്യാമറയ്ക്ക് മുന്നിൽ വരാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് വിജയകുമാർ. എന്നാൽ മകളുടെ നിർബന്ധത്തിന് വഴങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വിജയകുമാറിനെയും വീഡിയോയിൽ കാണാം. സ്വാസികയുടെ ഭർത്താവ് പ്രേം ജേക്കബും ആഘോഷങ്ങളിൽ സജീവമായിരുന്നു.

മകൾ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോൾ അതിൽ നിന്ന് പലപ്പോഴും മാറിനിൽക്കുകയാണ് വിജയകുമാർ ചെയ്യുന്നത്. എന്നാൽ എഴുപതാം പിറന്നാൾ വേദിയിൽ മകൾക്കൊപ്പം പാട്ടിനും നൃത്തത്തിനും ചുവടുവച്ചും ചിരിച്ചും ആസ്വദിക്കുന്നതിന്റെ വീഡിയോ ആരാധകർക്കും പുത്തൻ കാഴ്ചയാണ് നൽകിയത്. വീഡിയോ വൈറലായതോടെ സ്വാസികയ്ക്ക് അഭിനന്ദന പ്രവാഹവുമായി നിരവധി പേരാണ് എത്തിയത്.