ഭൂട്ടാൻ കാർ കടത്ത്: ആദ്യ കേസെടുത്ത് പൊലീസ്

Monday 12 January 2026 2:31 AM IST

കൊച്ചി: സിനിമാ താരങ്ങളും പ്രമുഖരും കുടുങ്ങിയ ഭൂട്ടാൻ കാർ കടത്തിൽ ആദ്യ പൊലീസ് കേസ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തു. ഭൂട്ടാനിലെ ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ടൊയോട്ട ലാൻഡ് ക്രൂയിസർ കാറെന്ന വ്യാജേന, ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച കാർ നൽകി കബളിപ്പിച്ചെന്ന 22കാരന്റെ പരാതിയിലാണ് കേസ്. ഡൽഹി ലജ്പത് നഗർ സ്വദേശി റോഹിത് ബേദിയെന്ന വാഹന ഇടപാടുകാരനാണ് പ്രതി. ഓപ്പറേഷൻ നുംഖോറിൽ കുടുങ്ങിയപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിന് ഇരയായത് തിരിച്ചറിഞ്ഞത്. 14 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി.

2024 ജൂണിലാണ് 14 ലക്ഷം രൂപയ്ക്ക് ലാൻഡ് ക്രൂയിസർ വാങ്ങാൻ റോഹിത് ബേദിയുമായി 22കാരൻ കരാറുറപ്പിക്കുന്നത്. 50,000 രൂപ മുൻകൂറായി നൽകി. പിറ്റേന്ന് രവിപുരത്തെ ബാങ്ക് ശാഖയിൽ നിന്ന് 4.5 ലക്ഷം രൂപയും സുഹൃത്ത് വഴി സംഘടിപ്പിച്ച അഞ്ച് ലക്ഷവുമടക്കം 9.5 ലക്ഷം രൂപ നൽകി. കാർ വാങ്ങാൻ ചെല്ലുന്ന ദിവസം നാല് ലക്ഷം രൂപ കൂടി കൈമാറി. കൊച്ചിയിലെത്തിച്ച് സെപ്തംബർ വരെ ഉപയോഗിച്ചു. ഇതിനിടെയാണ് കസ്റ്റംസ് ഓപ്പറേഷനിൽ കുടുങ്ങിയത്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ എത്തിച്ച് വ്യാജ രജിസ്‌ട്രേഷൻ നടത്തിയതാണ് കാർ.

22കാരൻ കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വസ്തുതകൾ വിലയിരുത്തി വിശദ അന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു. സേഫ് കസ്റ്റ‌ഡിയിൽ വയ്ക്കാൻ ഉടമയ്ക്ക് കസ്റ്റംസ് കാർ തിരികെ നൽകിയതായാണ് വിവരം. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിനെ പൊലീസ് സഹായിച്ചെങ്കിലും കേസുകളൊന്നും എടുത്തിരുന്നില്ല.

 ഓപ്പറേഷൻ നുംഖോർ

ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും മറ്റുമായ വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് വൻവിലയ്ക്ക് വിറ്റഴിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 2025 സെപ്തംബറിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രാജ്യവ്യാപകമായി നുംഖോർ എന്ന പേരിട്ട് ഓപ്പറേഷൻ ആരംഭിച്ചത്. കേരളത്തിൽ 142 വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു ഓപ്പറേഷൻ. നടന്മാരായ ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കലടക്കം കുടുങ്ങി. കോയമ്പത്തൂർ റാക്കറ്റാണ് കടത്തിന് പിന്നിലെന്ന് കണ്ടെത്തി.

38 കാർ മാത്രം

കോയമ്പത്തൂർ സംഘം 200 വാഹനങ്ങൾ കേരളത്തിൽ വിറ്റഴിച്ചെന്ന് കണ്ടെത്തിയെങ്കിലും ഇതിൽ 38 എണ്ണം മാത്രമേ കസ്റ്റഡിയിലെടുക്കാനായുള്ളൂ. ശേഷിച്ചവ അതിർത്തി കടന്നെന്നാണ് വിവരം. ഭൂട്ടാൻ - പശ്ചിമബംഗാൾ അതിർത്തി പ്രദേശമായ ഫുന്റഷോലിംഗ് വഴി ഇന്ത്യയിലേക്ക് വാഹനങ്ങളെത്തിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് അസാം, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.