മോഷണം പെരുകിയിട്ടും പൊലീസ് ഉറക്കത്തിൽ... കള്ളൻമാരുടെ കണ്ണ് ആരാധനാലയങ്ങളിൽ

Monday 12 January 2026 12:04 AM IST

കോട്ടയം : ജില്ലയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പൊലീസ്. ഇന്നലെ അതിരമ്പുഴ കുറ്റിക്കാട്ട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്തായിരുന്നു മോഷണ ശ്രമം. പുലർച്ചെ 3.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് ശ്രീകോവിലിന്റെ വാതിൽ തുറക്കുന്നതിനുള്ള ശ്രമം നടത്തി. ക്ഷേത്ര ഭാരവാഹിയുടെ സമയോചിത ഇടപെടലിനെ തുടർന്ന് ഇത് വിഫലമായി. കപ്പത്തണ്ട് ഉപയോഗിച്ചാണ് ശ്രീകോവിലിന്റെ വാതിൽ തള്ളിയത്. ഇതോടെ ക്ഷേത്ര ഭാരവാഹികളുടെ മൊബൈലിൽ അലാറം മുഴങ്ങുകയും സമീപം താമസിക്കുന്ന ഭാരവാഹിയായ ശ്രീകുമാർ എത്തുകയായിരുന്നു. ഈ സമയം മോഷ്ടാവ് കടന്നുകളഞ്ഞു. ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്ന് ആധാർ കാർഡ് കളഞ്ഞു കിട്ടി. സി.സി.ടി.വിയിൽ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. ഏറ്റുമാനൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

ആറാംതവണയാണ് ഇവിടെ മോഷണശ്രമം നടക്കുന്നത്. രാമപുരം, അയർക്കുന്നം, വൈക്കം തെക്കേനട കണ്ണൻകുളങ്ങര ശാസ്ത ക്ഷേത്രം, കാളിയമ്മ നട ദേവി ക്ഷേത്രം തുടങ്ങിയിടങ്ങളിലും അടുത്തിടെ മോഷണങ്ങൾ നടന്നിരുന്നു.

കുറ്റിക്കാട്ട് ക്ഷേത്രത്തിൽ ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല മോഷണം പോയി. ശ്രീകോവിലിന്റെ വാതിൽ തീയിട്ട് കത്തിച്ച്, വിലപിടിപ്പുള്ള പാത്രങ്ങളും കവർന്നു.

കൈയോടെ പൊക്കി, എന്നിട്ടും കുറ്റിക്കാട്ട് നിന്ന് മൂന്നുതവണ മോഷ്ടാവിനെ കൈയോടെ പൊക്കിയെങ്കിലും തുടർനടപടികൾ കാര്യക്ഷമമായില്ല. ക്ഷേത്രത്തിന് മുൻവശത്ത് റെയിൽവേപ്പാളമാണ്. വിജനമായ ഭാഗമായതിനാൽ ക്ഷേത്രത്തിൽ മോഷണം നടത്തി കടന്നു കളയാൻ എളുപ്പമാണ്. മദ്യപാനികളുടെയും, ലഹരി ഉപയോഗിക്കുന്നവരുടെയും പ്രധാന കേന്ദ്രമാണ് പ്രദേശം.

പൊന്നിൻകുതിപ്പിൽ കരുതൽ വേണം

പൊന്നിന് വില കൂടിയതോടെയാണ് മോഷണസംഘം വീണ്ടും സജീവമായത്. പ്രായമായ സ്ത്രീകളെ ആക്രമിച്ചും, ഭീഷണിപ്പെടുത്തിയും കൊള്ളയടിക്കുന്ന സംഘം റോന്തുചുറ്റുകയാണ്. ആളില്ലാത്ത വീടുകളും ഇവർ തേടിയിറങ്ങുകയാണ്. ജാമ്യത്തിലിറങ്ങിയ മോഷണക്കേസ് പ്രതികളെ കൃത്യമായി നിരീക്ഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. സ്വർണാഭരണങ്ങൾ ധരിക്കുന്നതിലും വീടുകളിൽ സൂക്ഷിക്കുന്നതിലും ജാഗ്രത വേണമെന്നാണ് പൊലീസ് നിർദ്ദേശമെങ്കിലും

പലരും കേൾക്കാൻ കൂട്ടാക്കുന്നില്ല. ചെറിയ ആഭരണം തട്ടിയെടുത്താൽ പോലും വലിയ തുകയ്ക്ക് വിൽക്കാമെന്നതാണ് പ്രലോഭനം.

 ''മോഷണ പരമ്പരയിലൂടെ ക്ഷേത്രത്തിന് വൻസാമ്പത്തിക നഷ്ടമുണ്ടായി. പൊലീസ് രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കണം. എത്രയും വേഗം പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണം.

(കുറ്റിക്കാട്ട് ക്ഷേത്രം ഭാരവാഹികൾ)