നവമാദ്ധ്യമങ്ങളിൽ പതിനെട്ടടവും പയറ്റി സ്ഥാനാർത്ഥി മോഹികൾ

Monday 12 January 2026 12:09 AM IST

കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പതിനെട്ടടവും പയറ്റുകയാണ് സ്ഥാനാർത്ഥി മോഹികൾ. രണ്ടാഴ്ചകൊണ്ട് നിരവധി ഓൺലൈൻ സൈറ്റുകളാണ് പൊട്ടിമുളയ്ക്കുന്നത്. സ്വയം പുകഴ്ത്തൽ വാർത്തകളും സർവേകളുമൊക്കെയായി സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പേരുകൾ ചർച്ചയാക്കാൻ വേണ്ടി മാത്രം ന്യൂസ്‌പോർട്ടലുൾ ആരംഭിച്ചും പ്രാദേശിക പോർട്ടലുകളിൽ വാർത്ത പ്രക്ഷേപണം ചെയ്തുമാണ് പ്രചാരണം. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂർ മണ്ഡലങ്ങളിലാണ് സീറ്റ് ദാഹികളുടെ പരിശ്രമങ്ങൾ. മത്സരിച്ചാൽ ആരു ജയിക്കും എന്ന ചോദ്യത്തോടെ ഒന്നിലേറെ ചിത്രങ്ങൾ നൽകി സർവേ നടത്തിയും, സ്വകാര്യ ഏജൻസികൾ സർവേ നടത്തിയപ്പോൾ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയയാൾ എന്ന ലേബലിലുമൊക്കെയാണ് ചർച്ച കൊഴുപ്പിക്കുന്നത്. നേതാക്കളുടെ മനസിലേക്ക് ഇടിച്ചുകയറുന്നതിനൊപ്പം മണ്ഡലത്തിൽ ഏതെങ്കിലും വിധത്തിൽ ചർച്ചയാകാൻ കഴിയുമോയെന്നുമാണ് ശ്രമം. അതേസമയം ഇവരെ വെട്ടാനും സമാന രീതിയിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.