എത്ര നന്ദി പറഞ്ഞാലും മതി വരാതെ സാറ അർജുൻ

Sunday 11 January 2026 8:36 PM IST

ആരാധകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് രൺവീർ സിംഗിന്റെ ബ്ളോക് ബസ്റ്റർ ചിത്രം ധുരന്ദറിൽ നായികയായി തിളങ്ങിയ സാറ അർജുൻ.

ദൈവത്തിന് മുൻപിലും ഒപ്പം നിങ്ങൾക്ക് മുൻപിലും ആത്മാർത്ഥമായ നന്ദിയോടെ ഞാൻ ശിരസ്സ് നമിക്കുന്നു. ഞാൻ എന്റെ യാത്ര തുടങ്ങുന്നതേയുള്ളൂ. ഞാൻ ഭാഗമായ ഒരു സിനിമയ്ക്കും ഞാൻ ചെയ്യാൻ ശ്രമിക്കുന്ന ജോലിക്കും ഇത്ര നേരത്തെ തന്നെ വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്, അത് തനിക്ക് കൂടുതൽ കരുത്ത് പകരുന്നു.

പ്രേക്ഷകർക്ക് ദൈർഘ്യമേറിയ കഥപറച്ചിലിനോട് താത്പര്യമില്ലെന്നും അത്തരം സിനിമകൾക്ക് പഴയതുപോലെ പ്രസക്തിയില്ലെന്നും കുറേകാലമായി പറയപ്പെടുന്നുണ്ട്. എന്നാൽ അത് തെറ്റാണെന്ന് ധുരന്ദറിന്റെ പ്രേക്ഷകർ തെളിയിച്ചു. പ്രേക്ഷകരുടെ കരുത്ത് എന്താണെന്നും ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒന്നിന് വേണ്ടി ആളുകൾ ഒത്തുചേരുമ്പോൾ എന്ത് സംഭവിക്കുമെന്ന് പ്രേക്ഷകർ എല്ലാവരേയും ഓർമിപ്പിച്ചു. ‌‌പ്രേക്ഷകർ നൽകിയ സ്നേഹവും പിന്തുണയുമാണ് ധുരന്ദറിന്റെ മുന്നേറ്റത്തിന് കാരണം. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ധുരന്ദറിന്റെ കഥ നിങ്ങളിലേക്ക് എത്തിയെന്ന് അറിയുന്നത് ഒരു വലിയ വിജയമാണ്; പക്ഷേ ആ വിജയത്തിന്റെ ക്രെഡിറ്റ് എനിക്കുള്ളതല്ല. അത് ഈ സിനിമയുടെ സൃഷ്ടാക്കൾക്കുള്ളതാണ്. ഇതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവളാണ്. അതിലുപരി, ഈ വിജയം നിങ്ങളുടേതാക്കി മാറ്റിയതിൽ എനിക്ക് അതിയായ കടപ്പാടുണ്ട്. സാറ അർജുൻ കുറിച്ചു. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആദിത്യ ധർ സംവിധാനം ചെയ്യുന്നു.