സുനാമി കോളനിയിൽ നിലംപൊത്താറായ മേൽക്കൂരകൾ
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കേട്ടുപുര സുനാമി കോളനിയിൽ സർക്കാർ നിർമ്മിച്ചു നൽകിയ വീടുകളിൽ പൊട്ടിപൊളിഞ്ഞ മേൽക്കുരകളും ചോർന്നൊലിക്കുന്ന വീടുകളും പൊട്ടിയ ചുമരുകളും നിരവധി. സുനാമി പുനരധിവാസ പദ്ധതി പ്രകാരം അഞ്ചുതെങ്ങിൽ നിർമ്മിച്ചു നൽകിയ 97ഓളം വീടുകളിൽക്കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കാണ് ഈ ദുരവസ്ഥ. ഗ്രാമപഞ്ചായത്തും ഫിഷറീസും അടിയന്തര പരിഗണന നൽകേണ്ട വിഷയത്തിൽ വിരലിലെണ്ണാവുന്ന കുടുംബങ്ങൾക്ക്, ചെറിയൊരു തുക നാമമാത്രമായ് മെയ്ന്റനൻസിനായി അനുവദിച്ച് താമസക്കാരെ കബളിപ്പിക്കുകയാണെന്ന പരാതിയുണ്ട്.
വാസയോഗ്യമല്ലാത്ത അവസ്ഥയിൽ
17വർഷങ്ങൾക്ക് മുൻപ് സുനാമി ഫണ്ടുപയോഗിച്ച് 2 മുറി,വരാന്ത,അടുക്കള ഉൾപ്പെടെ 97 ഓളം വീടുകളാണ് സർക്കാർ നിർമ്മിച്ചുനൽകിയത്. ഇതിൽ എല്ലാവീടുകളും നിലവിൽ വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇതിനോടകം പല വീടുകളുടെയും മേൽക്കൂര തകർന്ന് കമ്പി വെളിയിലായ സ്ഥിതിയാണ്. മേൽക്കൂര പൂർണ്ണമായും നീക്കം ചെയ്യുകയോ പുതിയത് സ്ഥാപിക്കുകയോ ചെയ്യണ്ടിവരും.
പദ്ധതിപ്രകാരം നിർമ്മിച്ചു നൽകിയ വീടുകൾ വാസയോഗ്യമല്ലെന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
പരിഹാരം കാണണം
പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഈ മേഖലയിലെ വീടുകൾക്ക് ഫിഷറീസ് വകുപ്പിന്റെ മെയ്ന്റെനൻസ് ഫണ്ടുപയോഗിച്ച് ഒരുലക്ഷം രൂപ വീതം നൽകുമെന്ന് വാഗ്ദാനം നടത്തിയിരുന്നു. ഇലക്ഷൻ കഴിഞ്ഞതോടെ മുപ്പതോളം വീടുകൾക്ക് മാത്രമേ, തുക നൽകുവാൻ കഴിയു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവിടുത്തെ എല്ലാ കുടുംബങ്ങൾക്കും വിവേചനങ്ങളില്ലാതെ പ്രശ്ന പരിഹാരം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.