പാകിസ്ഥാനി സൈനികര്‍ക്ക് മയ്യത്ത് നമസ്‌കാരം ചെയ്യുന്നത് തീവ്രവാദികള്‍; എത്തുന്നത് പ്രത്യേക ക്ഷണം കിട്ടുമ്പോള്‍

Sunday 11 January 2026 9:19 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നത് പരസ്യമായ രഹസ്യമാണ്. പരസ്പരം സഹകരിച്ചാണ് ഇരുവിഭാഗവും പ്രവര്‍ത്തിക്കുന്നതെന്ന ഇന്ത്യയുടെ ആരോപണം പക്ഷേ ഒരിക്കലും പാകിസ്ഥാന്‍ അംഗീകരിക്കാറില്ല. ഇപ്പോഴിതാ ലഷ്‌കറെ ത്വയ്ബ നേതാവിന്റെ വെളിപ്പെടുത്തല്‍ സൈനികരും തീവ്രവാദികളും തമ്മിലുള്ള ബന്ധത്തിന് പ്രധാനപ്പെട്ട തെളിവായി മാറിയിട്ടുണ്ട്. പാക് സൈന്യത്തിന്റെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ലഭിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലഷ്‌കറെ നേതാവ് സൈഫുള്ള കസൂരി.

പാക് സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ അവരുടെ മയ്യത്ത് നമസ്‌കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ക്ഷണം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ താന്‍ പോകാറുണ്ടെന്നാണ് കസൂരി പറഞ്ഞിരിക്കുന്നത്. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് സൈഫുള്ള ഇക്കാര്യം വെളിപ്പെടുത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനാണ് ഇയാള്‍. ഇന്ത്യക്ക് തന്നെ വലിയ ഭയമാണെന്നാണ് പ്രസംഗത്തില്‍ ഇയാള്‍ അവകാശപ്പെടുന്നത്.

പാകിസ്ഥാനിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോഴാണ് കസൂരി ഇക്കാര്യം പറഞ്ഞത്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കറെ ത്വയ്ബ ഡെപ്യൂട്ടി ചീഫും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമാണ് സൈഫുള്ള കസൂരി. ഇന്ത്യക്ക് തന്നെ ഭയമാണെന്ന് ഇയാള്‍ പറയുന്നുണ്ടെങ്കിലും ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്ന് ഇയാള്‍ സമ്മതിക്കുന്നുണ്ട്.

മേയ് ഏഴിന് നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യ തകര്‍ത്തു. ഒമ്പത് ഭീകരവാദ ക്യാമ്പുകളില്‍ ആക്രമണം നടത്തുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.