വാമനപുരത്ത് അപകടങ്ങൾ തുടർകഥ

Monday 12 January 2026 12:23 AM IST

കിളിമാനൂർ: അപകടങ്ങൾ തുടർകഥയായിട്ടും വാമനപുരത്ത് മുന്നറിയിപ്പ് ബോർഡുകളോ സിഗ്നൽ ബോർഡുകളോ സ്ഥാപിക്കാതെ അധികൃതർ. വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.

കിളിമാനൂർ,തിരുവനന്തപുരം,ആറ്റിങ്ങൽ,കുറ്ററ നെല്ലനാട് തുടങ്ങിയ ഭാഗത്തുനിന്നും വാഹനങ്ങളെത്തുന്ന ജംഗ്ഷനാണ് വാമനപുരം പാർക്ക് ജംഗ്ഷൻ. ഇവിടെ നടന്ന അപകങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. സമീപത്തെ ചായക്കടയിലെ ജീവനക്കാരൻ വാഹനം ഇടിച്ചു മരിച്ചതും, കോൺക്രീറ്റ് പണി കഴിഞ്ഞ് ജോലിക്കാരുമായി വന്ന ജീപ്പ് അപകടത്തിൽപ്പെട്ട് ജീപ്പിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചതും ഇതേ സ്ഥലത്തുവച്ചാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നിത്യവും ഇവിടെ നടക്കുന്നത്.നിരന്തരം അപകടം നടക്കുന്ന ഇവിടെ സിഗ്നൽ ലൈറ്റോ, സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലോ ഇല്ല

കാരേറ്റ് നിന്നും വരുമ്പോൾ ഈ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുമ്പോഴാണ് ആറ്റിങ്ങൽ റോഡ്. ഈ റോഡിൽ സിഗ്നൽ ലൈറ്റ് ഇല്ലാത്തതിനാൽ പല വാഹനങ്ങളും ഇവിടെയെത്തുമ്പോൾ സഡൻ ബ്രേക്കിട്ട് തിരിയുകയാണ് പതിവ്. ഇത് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നു. ഇടറോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് ബസ്, ലോറി തുടങ്ങിയവ കയറി വരുന്നതിനാൽ സംസ്ഥാന പാതയിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല, ഇതും അപകടമുണ്ടാക്കുന്നതാണ്.

പ്രധാന ജംഗ്ഷൻ

നാല് വശത്തേക്കും വാഹനങ്ങൾ പോകുന്ന വാമനപുരം പാർക്ക് ജംഗ്ഷനിൽ വഴിയോര കച്ചവടക്കാരും, മറ്റു വ്യാപാര സ്ഥാപനങ്ങളൊക്കെയായി വൻ തിരക്കാണ്. ഇതിനാൽ ഇരട്ട മഞ്ഞവരയാണ് നൽകിയിരിക്കുന്നത്. തുടർച്ചയായ മഞ്ഞ വരയിൽ ഓവർടേക്ക് പാടില്ലന്നും അപകട സാദ്ധ്യത കൂടുതലുള്ള രണ്ടു വരി റോഡുകളിലാണ് ഈ വര ഇടുന്നതെന്നും സാധാരണക്കാർക്ക് പലർക്കും അറിയില്ല.

ഫോട്ടോ.............പാർക്ക് ജംഗ്ഷൻ.