മട്ടന്നൂരിൽ വനിതാ ഹോസ്റ്റൽ നിർമ്മാണം തുടങ്ങി, ഒന്നര വർഷത്തിനുള്ളിൽ മൂന്നുനിലകെട്ടിടം റെഡി
മട്ടന്നൂർ: മട്ടന്നൂരിൽ വനിതാ ഹോസ്റ്റലിന്റെ നിർമ്മാണം തുടങ്ങി. റവന്യൂ ടവറിന് സമീപം 46 സെന്റിൽ 14.44 കോടി ചെലവഴിച്ചാണ് മൂന്നുനിലകളിലായി വനിതാ ഹോസ്റ്റൽ നിർമ്മിക്കുന്നത്. വിമാനത്താവള നഗരമായ മട്ടന്നൂരിൽ വനിതാ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും താമസ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് വർക്കിംഗ് വുമൺസ് ഹോസ്റ്റൽ പണിയുന്നത്.
ഹോസ്റ്റലിൽ 106 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. സംസ്ഥാന ഭവനനിർമ്മാണ ബോർഡ് മുഖേനയാണ് നിർമ്മാണം നടത്തുന്നത്. ഒന്നരവർഷം കൊണ്ട് പണി പൂർത്തിയാക്കും. താഴത്തെ നിലയിൽ വാഹനപാർക്കിംഗ് സൗകര്യവും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുമുണ്ടാകും. ഒന്നാംനിലയിൽ ആറു കിടപ്പുമുറികൾ, അംഗപരിമിതർക്കുള്ള മുറി, ഇൻഡോർ ഗെയിം, വാർഡനുള്ള മുറി, ഡേ കെയർ സെന്റർ, ഡൈനിംഗ് റൂം, ലോബി, ഓഫീസ് ഏരിയ, അടുക്കള, വർക്ക് ഏരിയ, സെക്യൂരിറ്റി കേബിൻ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടും മൂന്നും നിലകളിലായി കിടപ്പുമുറികൾ, ഡോർമെറ്ററി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
14.44 കോടി
2022ലെ സംസ്ഥാന ബഡ്ജറ്റിലാണ് മട്ടന്നൂരിൽ വനിതാ ഹോസ്റ്റൽ പണിയുന്നതിന് 14.44 കോടി രൂപ നീക്കിവെച്ചത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരാണ് മട്ടന്നൂർ നഗരത്തിൽ താമസിക്കാൻ സൗകര്യം തേടുന്നത്. നിരവധി വൻകിട, ചെറുകിട ഹോട്ടലുകളും ഹോം സ്‌റ്റേ സൗകര്യങ്ങളും പുതുതായി തുടങ്ങിയിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ചും പലരും താമസസൗകര്യങ്ങൾ ഒരുക്കിനൽകുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ഉരുവച്ചാലിൽ വനിതാ ഹോസ്റ്റലുണ്ട്. റവന്യുടവർ, സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയ്ക്ക് സമീപത്തായാണ് വനിതാ ഹോസ്റ്റലും നിർമ്മിക്കുന്നത്. അഡീഷണൽ ജില്ലാ ട്രഷറി കെട്ടിടവും പരിസരത്തുണ്ട്.