ബാച്ച്ലർ പാർട്ടിയുടെ രണ്ടാംഭാഗം വരുന്നു, വമ്പൻ അപ്ഡേറ്റ് പ്രഖ്യാപിച്ച് അമൽ നീരദ്
അമൽ നീരദ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ബാച്ച്ലർ പാർട്ടിയുടെ രണ്ടാംഭാഗം വരുന്നു. സോഷ്യൽ മീഡിയയിലൂടെ അമൽ നീരദ് തന്നെയാണ് രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. ബാച്ച്ലർ പാർട്ടി ഡൂ (D'EUX) എന്നാണ് ചിത്രത്തിന്റെ പേര്. ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ് ഇത്. ഫ്രഞ്ചിൽ DEUX എന്നാൽ രണ്ട് എന്നും D'EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെകുറിച്ച് എന്നുമാണ് അർത്ഥമെന്ന് ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചുകൊണ്ട് അമൽ നീരദ് കുറിച്ചു.
അമൽ നീരദ് പ്രൊഡക്ഷൻസും ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. ആൻ അമൽ നീരദ് ജോയിന്റ് , റോളിംഗ് സൂൺ എന്നും പോസ്റ്ററിലുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയെ കുറിച്ചുള്ള മറ്റുവിവരങ്ങൾ അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടില്ല. ആസിഫ് അലി, റഹ്മാൻ, കലാഭവൻ മണി, ആശിഷ് വിദ്യാർത്ഥി, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നിത്യാമേനോൻ, രമ്യാ നമ്പീശൻ, പത്മപ്രിയ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ബാച്ച്‌ലർ പാർട്ടി. അമൽ നിരദ് ചിത്രങ്ങളിൽ കൾട്ട് ഫാൻസുള്ള സിനിമയാണിത്.