ഒടുവിൽ നാട് വിറപ്പിച്ച കാട്ടുപോത്ത് കാടുകയറി

Monday 12 January 2026 1:10 AM IST

ഉടുമ്പന്നൂരിനെ വിറപ്പിച്ച കാട്ടുപോത്ത്

ഉടുമ്പന്നൂർ: ഒരു പകലും രാവും നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ഉടുമ്പന്നൂരിനെ വിറപ്പിച്ച കാട്ടുപോത്ത് കാടുകയറി. വേളൂർ വനമേഖലയിലേക്ക് തിരികെ പോയതായാണ് വനംവകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ രാവിലെ കാൽപ്പാടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വനാതിർത്തിവരെ തിരികെ നടന്നതായ പാടുകൾ കണ്ടതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിയാരം കാരമണ്ണിൽ വനാതിർത്തിയോട് ചേർന്ന പ്രദേശത്താണ് അവസാനം കാൽപ്പാട് കണ്ടത്. പോത്തിനെ തുരത്താൻ കോതമംഗലം ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ തൊടുപുഴ, കാളിയാർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് പരിധിക്കുള്ളിലെ 100 ഓളം വനപാലകർ അഞ്ച് സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, നാട്ടുകാർ അടക്കമുള്ളവർ തിരച്ചിലിനുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയിൽ തന്നെ പോത്ത് കാട് കയറിയതായാണ് നിഗമനമെങ്കിലും ജനം ഭീതിയിലാണ്.

 ആദ്യം ആനയെത്തി പിന്നാലെ കാട്ടുപോത്തും

കാട്ടാന ശല്യത്തിന് പിന്നാലെ കാട്ടുപോത്തും നാടിറങ്ങാൻ തുടങ്ങിയതോടെ ഉടുമ്പന്നൂരിൽ ജനജീവിതം ദുസഹമാകുകയാണ്. പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വന്യജീവി നാട്ടിലിറങ്ങി പരസ്യമായി ആക്രമണം നടത്തുന്നത്. മുൻപ് കാട്ടുപന്നിയെ മാത്രം കണ്ട് ശീലിച്ചിരുന്ന ജനങ്ങൾ ഏതാനും നാളുകളായി കാട്ടാന ഭീതിയിലായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കാട്ടുപോത്തും എത്തിയത്. ഇതോടെ വരും നാളുകളിൽ കടുവയും പുലിയും അടക്കമുള്ള കൂടുതൽ മൃഗങ്ങൾ നാട്ടിലെത്തുമോ എന്ന ആശങ്ക പടരുകയാണ്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതും ഭീതി വർധിപ്പിക്കുന്നു. വേളൂർ തേക്ക് പ്ലാന്റേഷനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. വരിക്കമറ്റം, പൊങ്ങൻതോട്, പുലികാവ്, മലയിഞ്ചി, ആൾക്കല്ല്, കിഴക്കൻപാടം, ചാത്തൻമല, വള്ളിയാടി തുടങ്ങിയ മേഖലകളിലാണ് കാട്ടാന ശല്യം. ഇതിനാൽ തന്നെ അപ്രതീക്ഷിതമായ കാട്ടുപോത്തിന്റെ വരവും തുടർന്നുണ്ടായ ആക്രമണങ്ങളും നാട്ടിൽ വലിയ ഭീതിയാണ് ഉയർത്തിയത്. ഒലിവിരിപ്പ്, കാരൂക്കപ്പള്ളി, ചീനിക്കുഴി, കൊക്കരണി, പന്നൂർ, പരിയാരം മേഖലകളിലാണ് ശനിയാഴ്ച പുലർച്ചെ എത്തിയ കാട്ട് പോത്ത് പരിഭ്രാന്തി പടർത്തിയത്.

 ആർ.കെ.ഡി.പി

പദ്ധതിയും അവതാളത്തിൽ നാട്ടിൽ വന്യജീവികൾ ഇറങ്ങിയാൽ നേരിടാൻ നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തുണ്ടെങ്കിലും വനമേഖലയിലുള്ളവരുടെ ജീവിതം ദുരിതത്തിലാണ്. ഇവർക്കായി വനംവകുപ്പ് നടപ്പിലാക്കിയ ആർ.കെ.ഡി.പി നവ കിരണം പദ്ധതി മെല്ലെപ്പോക്കിലായതാണ് കാരണം. പദ്ധതി പ്രകാരം അപേക്ഷ നൽകിയ വരിക്കമറ്റം, വേളൂർ പ്രദേശങ്ങളിലുള്ളവർക്ക് കരാർ ഒപ്പിട്ട് നൽകിയിട്ടും പണം നൽകിയിട്ടില്ല. മുൻഗണനാ ലിസ്റ്റിൽ സ്ഥിരതാമസക്കാരെ പരിഗണിക്കണമെന്ന മാനദണ്ഡവും പാലിച്ചില്ല. ഇതാണ് വേളൂർ, വരിക്കമറ്റം സെറ്റിൽമെന്റുകളിലുള്ളവർക്ക് ഫണ്ട് ലഭിക്കാൻ തടസമാകുന്നത്. ചില അപേക്ഷകർക്ക് മാർഗനിർദ്ദേശത്തിന് വിരുദ്ധമായി വനംവകുപ്പ് അനാവശ്യ രേഖകൾ ആവശ്യപ്പെടുന്നതിനാൽ കരാർ പോലും ഒപ്പിടാൻ കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

''പ്രദേശത്ത് മൂന്ന് ദിവസം പ്രത്യേക നിരീക്ഷണം നടത്തും. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ അർഹരായവർക്ക് പരിഗണന നൽകും'' സൂരജ് ബെൻ (കോതമംഗലം ഡി.എഫ്.ഒ )

''വന്യജീവി ആക്രമണം തടയാൻ ഫെൻസിംഗ് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട് '' ജിജി സുരേന്ദ്രൻ ( പഞ്ചായത്ത് പ്രസിഡന്റ് )