വിദേശ നേതാക്കളോട് മോദി സംസാരിക്കുന്നത് ഏതു ഭാഷയിൽ? മലയാളിയായ മധുസൂദനൻ താരമാകുന്നത് ഇവിടെയാണ്

Sunday 13 October 2019 12:11 PM IST

മഹാബലിപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും നടത്തിയ കൂടിക്കാഴ്ച ആഗോള മാദ്ധ്യമങ്ങളിൽ വരെ വൻ ചർച്ചയായിരുന്നു. ഇ​ന്ത്യാ​ ​-​ ​ചൈ​നാ​ ​ബന്ധത്തിന്റെ പു​തു​യു​ഗ​പ്പി​റ​വി​ ​എ​ന്നാ​ണ് നരേന്ദ്രമോദി ഉ​ച്ച​കോ​ടി​യെ​ ​വി​ശേ​ഷി​പ്പി​ച്ച​ത്.​ രണ്ട് ദിവസങ്ങളിലായി ആറ് മണിക്കൂറുകളോളം ഷി ജിൻ പിംഗുമായി നടത്തിയ ചർച്ചയിൽ ഇരുവർക്കുമൊപ്പമുണ്ടായിരുന്ന ഒരു മലയാളിയുണ്ട്. മോദിയുടെ വാക്കുകൾ ഷി ജിൻ പിംഗിന് പരിഭാഷ ചെയ്തു കൊടുത്തത് പാലക്കാട് രാമശ്ശേരിക്കാരനായ ആർ.മധുസൂദനനാണ്.

മഹാബലിപുരത്തെ കുറിച്ചും ചർച്ചയിലെ പ്രധാന കാര്യങ്ങളടക്കം പ്രധാനമന്ത്രി പറഞ്ഞതെല്ലാം മാൻഡരിൻ ഭാഷയിൽ മധുസൂദനൻ ഷി ജിൻ പിംഗിനു പറഞ്ഞുകൊടുത്തു. മാൻഡരിൻ സ്ഫുടതയോടെ സംസാരിക്കുന്ന ഇദ്ദേഹം ഏതാനും വർഷങ്ങളായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗങ്ങളിലെ ചൈനീസ് പരിഭാഷകനാണ്. വിദേശനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മിക്കപ്പോഴും ഹിന്ദിയിലാണ് പ്രധാനമന്ത്രി സംസാരിക്കാറ്.

2007 ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറാണ് മുപ്പത്തിനാലുകാരനായ മധുസൂദനൻ. 22ാം വയസിൽ ഐ.എഫ്.എസ് നേടിയ ഇദ്ദേഹത്തിന്റെ സേവനമേറെയും ചൈനയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിലായിരുന്നു. പിന്നീട് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലുള്ള ഇന്ത്യൻ കോൻസുലേറ്റിലും ജോലി ചെയ്തിരുന്നു. ഇതിനു ശേഷം വീണ്ടും അദ്ദേഹം ചൈനയിൽ തിരിച്ചെത്തി.

2014-ൽ ഷി ജിൻപിംഗ് ഇന്ത്യയിൽ വന്നപ്പോഴും 2018-ൽ ചൈനയിലെ വുഹാനിൻ അദ്ദേഹവും മോദിയും തമ്മിലുള്ള ആദ്യ അനൗപചാരിക കൂടിക്കാഴ്ച നടന്നപ്പോഴും മധുസൂദനായിരുന്നു പരിഭാഷകൻ. ഇദ്ദേഹത്തിന്റെ അനുജത്തി ആർ.പ്രിയദർശിനിയും ഐ.എഫ്.എസ്. ഓഫീസറാണ്. അച്ഛൻ രവീന്ദ്രൻ നായരും അമ്മ നിർമലതയും കോയമ്പത്തൂരാണ് താമസം. കാസർകോട്ടുകാരി ഡോ. അനുപമയാണ് മധുസൂദനന്റെ ഭാര്യ.