കഴിഞ്ഞവർഷം കൂടുതൽ മഴ കണ്ണൂരിൽ മഴയിൽ മുന്നിൽ

Monday 12 January 2026 12:05 AM IST
കഴിഞ്ഞവർഷം കൂടുതൽ മഴ കണ്ണൂരിൽ

കണ്ണൂർ: കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ (4371 മില്ലിമീറ്റർ). ഒപ്പം മാഹിയിൽ 3958 മില്ലിമീറ്ററും കാസർകോട് 3857 മില്ലി മീറ്ററും മഴ ലഭിച്ചു. ഏറ്റവും കുറവ് തിരുവനന്തപുരം (2060 മില്ലിമീറ്റർ), പാലക്കാട് (2298 മില്ലിമീറ്റർ) ജില്ലകളിലാണ്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ 2025ൽ ലഭിച്ചു. എന്നാൽ 2025 തുലാവർഷ കലണ്ടർ ഔദ്യോഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ മഴ 21ശതമാനം കുറവെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്.

ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31വരെ നീളുന്ന തുലാവർഷ കലണ്ടറിൽ 491.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലിമീറ്റർ മഴയാണ്. ഒക്ടോബറിലും (10 ശതമാനം കുറവ്) നവംബറിലും (42 ശതമാനം കുറവ് ) ഡിസംബറിലും (28ശതമാനം കുറവ്) ഇത്തവണ സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചില്ല. കഴിഞ്ഞ വർഷവും ഒക്ടോബർ, നവംബർ മാസങ്ങളിൽ കുറവ് മഴയാണ് ലഭിച്ചതെങ്കിലും ഡിസംബറിൽ ലഭിച്ച റെക്കാർഡ് (306 ശതമാനം കൂടുതൽ) മഴയാണ് 2024ൽ ഒരു ശതമാനം കുറവിൽ എത്തിച്ചത്. 2023 ൽ 624.8 മില്ലിമീറ്റർ ആയിരുന്നു ലഭിച്ചത് (27ശതമാനം കൂടുതൽ). ഇത്തവണ ഏറ്റവും കൂടുതൽ തുലാവർഷ മഴ കോട്ടയം ജില്ലയിൽ (550 മില്ലിമീറ്റർ, നാല് ശതമനം കുറവ്). ഏറ്റവും കുറവ് പതിവ് പോലെ ലഭിച്ചത് വയനാട് ജില്ലയിൽ (252 മില്ലിമീറ്റർ, 22 ശതമാനം കുറവ്).

കാലവർഷത്തിൽ 13% കുറവ് മഴ

കാലവർഷത്തിൽ ഔദ്യോഗിക കണക്ക് പ്രകാരം 13 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ആഗോള മഴപാത്തി മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ) ഇത്തവണ തുലവർഷ സീസണിൽ കാര്യമായി കനിഞ്ഞിട്ടില്ല. സീസണിൽ മൂന്ന് ചുഴലിക്കാറ്റുകൾ (ശക്തി, മോൻതാ, ഡിറ്റ്‌വാ) ഉണ്ടായെങ്കിലും മോൻതാ ഒഴികെ കേരളത്തിൽ കാര്യമായ മഴ നൽകിയില്ല. അതോടൊപ്പം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളും മഴ കുറയാൻ പ്രധാന കാരണമായി.