തെരുവ് നായ ഭീതിയിൽ ജനം, പ്രതിരോധ നടപടികൾക്ക് തുടക്കമിട്ട് നഗരസഭ
ചാലക്കുടി: എന്ത് ധൈര്യത്തിൽ ഇനി റോഡിലിറങ്ങി നടക്കും ഏതു നേരത്തായിരിക്കും നായകളുടെ ആക്രമണം? ഇതാണ് നഗരത്തിലെ ആളുകളുടെ ഇപ്പോഴത്തെ ആശങ്ക. മാർക്കറ്റിലെ കടകളിൽ സാധങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴും ജനത്തിന് ഭയമാണ്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ അവരെ അങ്കലാപ്പിലാക്കുന്നു. ചന്തയിൽ മാംസം വാങ്ങാനെത്തിയ രണ്ട് പേരെ ആക്രമിച്ച നായയാണ്് ഇന്നലെയും ഒരാളെ കടിച്ചതെന്ന് പറയുന്നു. സൗത്ത് ജംഗ്ഷനിൽ രണ്ട് പേരെ ആക്രമിച്ച നായ ഏതെന്ന് വ്യക്തമല്ല. ചന്തയിലെ ആക്രമണം നടത്തിയ നായയെ പിന്നീട് ഒരു മതിൽക്കെട്ടിലുള്ളിലാക്കിയെങ്കിലും കഴിഞ്ഞ ദിവസം രാത്രി ഇത് അവിടെ നിന്നും രക്ഷപ്പെട്ട്്് ഓടിപ്പോയി. നായയെ പിടികൂടി പേവിഷബാധ ഉള്ളതാണോ എന്ന് പരിശോധിക്കേണ്ടിവരും. കൂടുതൽ നായകൾ ഇപ്പോൾ ആക്രമണ പ്രവണത കാണിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നഗരവും പ്രാന്തപ്രദേശങ്ങളും തെരുവ് നായകൾ കൈയടക്കിയിരിക്കുകയാണ്. മാർക്കറ്റിൽ മാത്രം അമ്പതോളം നായകൾ തമ്പടിച്ചിട്ടുണ്ട്്. നേരം ഇരുട്ടിയാൽ ഇവിടെ പുറത്തു നിന്ന് ആരെത്തിയാലും ഇവയുടെ ഭീഷണി നേരിടണം. മാവേലി സ്റ്റോറിന് മുന്നിലും ഒരു സംഘം നായകൾ സ്ഥിരമാണ്. വെട്ടുകടവ് റോഡിൽ രാത്രിയിൽ ഇരു ചക്രവാഹന യാത്രക്കാർ പോലും നായകളെ നിരീക്ഷിച്ച് വേണം കടന്നുപോകാൻ. വെട്ടുകടവ് കപ്പേളയുടെ കൂടപ്പുഴ റോഡിൽ ഒരാഴ്ച മുമ്പ് ബൈക്ക് യാത്രികന്റെ നേരെ നായകളുടെ ആക്രമണമുണ്ടായി. ഭാഗ്യംകൊണ്ടു മാത്രം അയാൾ രക്ഷപ്പെടുകയായിരുന്നു. ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്‌സ്, കാനറി നഗർ, താലൂക്ക് ആശുപത്രി പരിസരം, നോർത്ത് ബസ് സ്റ്റാൻഡ്, കട്ടിപ്പൊക്കം ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങൾ തെരുവ് നായകൾ കൈയടക്കിയിരിക്കുന്നു.
സ്‌കൂളുകൾക്കും രക്ഷയില്ല ഗവ.ഈസ്റ്റ് ചാലക്കുടി, ഗവ.മോഡൽ സ്്്കൂൾ തുടങ്ങിയ ഇടങ്ങൾ നായ വളർത്ത് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്്. ഇവിടങ്ങളിൽ നായകൾ പെറ്റ് പെരുകിയിരിക്കുന്നു. സ്‌കൂളുകളിൽ എത്തുന്നവരെ ഇതിനകം ഇവ ആക്രമിക്കാൻ മുതിർന്നിട്ടുണ്ട്്. വിദ്യാർത്ഥികൾ നായകളുടെ കടിയേൽക്കുന്ന സംഭവം വിദൂരമല്ലെന്ന് പരിസരവാസികൾ പറയുന്നു.
പ്രതിരോധ നടപടികൾക്ക് തുടക്കം ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വെല്ലുവിളിയായ തെരുവ് നായകളെ പ്രതിരോധിക്കുന്നതിന് നഗരസഭ നടപടികൾ ആരംഭിച്ചു. ഡോഗ്് ക്യാച്ചേഴ്്‌സ്് സംഘം ഇതിനായി നഗരത്തിൽ എത്തിയിട്ടുണ്ട്. പാലക്കാട് നിന്നുള്ള സംഘം രണ്ട് ദിവസം നഗരത്തിൽ റോന്ത് ചുറ്റും. ആക്രമണ പ്രവണതയുള്ള നായകളെ പിടികൂടി നിരീക്ഷിക്കലാണ് ടീമിന്റെ ദൗത്യം.