ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം സമാപിച്ചു
തൊടുപുഴ: കുമാരമംഗലം എൻ.എസ്.എസ് ഹാളിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാർഷികം സമാപിച്ചു. പ്രസിഡന്റ് ശശിലേഖ രാഘവന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി ദിവാകരൻ സംഘടനാരേഖ അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എൻ രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.കെ സുധാകരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം ഡോ. സി. രാമകൃഷ്ണൻ സംഘടനാരേഖ ചർച്ചയ്ക്ക് മറുപടി നൽകി. നിർവാഹക സമിതിയംഗം വി.വി ഷാജി ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫെബ്രുവരി 28, മാർച്ച് 1 തീയതികളിലായി അടിമാലിയിൽ നടക്കുന്ന പരിഷത്ത് സംസ്ഥാന വാർഷികം വിജയിപ്പിക്കുന്നതിവശ്യമായ പ്രവർത്തനങ്ങൾ ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്തു. പുതിയ ഭാരവാഹികൾ: ഡി.ഗിരിജ ( പ്രസിഡന്റ് ), ബിന്ദു ജോസ്, ടി.എൻ മണിലാൽ (വൈസ് പ്രസിഡന്റുമാർ ) കെ.എൻ രാധാകൃഷ്ണൻ (സെക്രട്ടറി ), ടി. ദേവകുമാർ, കെ,പി സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ ), പി.കെ സുധാകരൻ - ( ട്രഷറർ ) എന്നിവർ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. അന്ധവിശ്വാസചൂഷണ നിരോധന നിയമ നിർമാണം നടത്തുക, മനുഷ്യ വന്യജീവി സംഘർഷം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക,കൊച്ചി - ധനുഷ്‌കോടി ദേശീയപാത നിർമ്മാണതടസ്സങ്ങൾ പരിഹരിക്കുന്നതിനായി നടപടികൾ സ്വീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിന് സംഘാടകസമിതി ചെയർമാൻ എം.എം മാത്യു സ്വാഗതവും കൺവീനർ പി.കെ സന്തോഷ് നന്ദിയും പറഞ്ഞു.