എക്‌സിലെ 3500 അശ്ളീല ഉള്ളടക്കം നീക്കി  ഗ്രോക്കിനെതിരെ ഇന്ത്യയും

Monday 12 January 2026 12:15 AM IST

ന്യൂഡൽഹി: അശ്ളീല ചിത്രങ്ങളടക്കം മോശം ഉള്ളടക്കം അനുവദിക്കില്ലെന്നും ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്നും എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോം എക്‌സിന്റെ ഉറപ്പ്. കേന്ദ്ര ഐ.ടി, ഇലക്‌ട്രോണിക്‌സ് മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം 3,500ഓളം എ.ഐ നിർമ്മിത അശ്ളീല ഉള്ളടക്കം നീക്കം ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട 600ലധികം അക്കൗണ്ടുകൾ ഇല്ലാതാക്കിയെന്നും എക്‌സ് ഇന്ത്യ അറിയിച്ചു.എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഗ്രോക്ക് എഐ പ്ളാറ്റ്‌ഫോമിന്റെ സഹായത്തോടെ നിർമ്മിച്ച എഐ അശ്ളീല ചിത്രങ്ങൾ എക്‌സിൽ വ്യാപകമായതിനെതിരെ ജനുവരി രണ്ടിന് കേന്ദ്ര സർക്കാർ കത്തച്ചിരുന്നു.