കോമഡി നിറയാതെ കലിപ്പ് തീരില്ല!
'അന്തരാസ് കുന്തരാസ്.... തള്ളേ കലിപ്പ് തീരണില്ലല്ലോ!" തെക്കൻ തിരുവനന്തപുരം ഭാഷയിൽ മമ്മൂട്ടി ആദ്യവസാനം നിറഞ്ഞാടിയ 'രാജമാണിക്യം" എപ്പോൾ കണ്ടാലും പൊട്ടിച്ചിരിക്കാനുള്ള വകയുണ്ടാകും.
ചിരിപ്പിക്കുന്നതിൽ വ്യത്യസ്ത ഭാഷാലൈശി മനോഹരമായി കൈകാര്യംചെയ്ത നായക നടനാണ് മമ്മൂട്ടി. കന്നട ചേർന്ന മലയാളത്തിൽ അദ്ദേഹം കസറിയ 'ചട്ടമ്പിനാട്" മറ്റൊരു ഉദാഹരണം. കോട്ടയം കുഞ്ഞച്ചൻ, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയന്റ്, ബസ് കണ്ടക്ടർ... അങ്ങനെ നീളുന്നു, ആ നിരയിലെ മമ്മൂട്ടി ചിത്രങ്ങൾ.
മലയാള സിനിമയുടെ പെരുന്തച്ചൻ തിലകൻ ഗൗരവ വേഷങ്ങളുടെ ഉസ്താദ് ആയിരുന്നു. അശോകൻ- താഹ കൂട്ടുകെട്ട് സംവിധാനം ചെയ്ത 'മൂക്കില്ലാരാജ്യത്തി"ൽ അദ്ദേഹം എത്ര തന്മയത്വത്തോടെയാണ് കോമഡി കൈകാര്യം ചെയ്തിരിക്കുന്നത്! ആ ചിത്രത്തിലെ 'നൂറു ശതമാനവും ഞാൻ യോജിക്കുന്നു" എന്ന തിലകന്റെ ഡയലോഗ് ഇന്ന് ട്രോൾ വീഡിയോകളിൽ നിറഞ്ഞുനിൽക്കുന്നു.
എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'കറുത്ത കൈ" എന്ന ചിത്രത്തിലെ വില്ലൻ ഖാദറായി കിടുക്കിയത് പറവൂർ ഭരതനായിരുന്നു. കൊമ്പൻമീശയുമായാണ് ഭരതൻ കാണികളെ വിറപ്പിച്ചത്. അതേ ഭരതനെ 'മഴവിൽക്കാവടി"യിൽ കണ്ട് ജനം പൊട്ടിച്ചിരിച്ചു. പറവൂർ ഭരതനെപ്പോലെ കിടിലൻ വില്ലന്മാരായി വിലസിയിരുന്നവരിൽ നല്ലൊരു പങ്കും പിന്നീട് ഹാസ്യനടന്മാരായി പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. അബ്കാരിയായും തെമ്മാടിയായും വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന ജനാർദ്ദനൻ വിജി തമ്പിയുടെ 'നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം" എന്ന ചിത്രത്തിലെ റാംബോ ചാക്കോച്ചൻ എന്ന വേഷത്തിലൂടെ കോമഡി നടനായി.
രാജസേനന്റെ 'റോമിയോ"യിലൂടെയാണ് ഭീമൻ രഘു വില്ലത്തരം മറന്ന് ചിരിപ്പിക്കാൻ തുടങ്ങിയത്. കിരീടം, കിന്നരിപ്പുഴയോരം എന്നീ സിനിമകളിലൂടെ മെല്ലെ തുടങ്ങി, 'മന്നാർ മത്തായി"യിലൂടെ പൂർണമായും കോമഡി വേഷത്തിലെത്തുകയായിരുന്നു, കൊച്ചിൻ ഹനീഫ. മസിലുകൾ ഉരുട്ടിക്കയറ്റി നടയക നടന്റെ ഇടി വാരിക്കൂട്ടുന്ന വില്ലനിൽ നിന്ന് ബാബുരാജ് ആളെ ചിരിപ്പിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? 'സാൾട്ട് ആൻഡ് പെപ്പറി"ലെ പാചകക്കാരനിൽ തുടങ്ങി, പിന്നെയങ്ങോട്ട് ചിരിപ്പടങ്ങളുടെ നിര തന്നെ ബാബുരാജിനെ തേടിയെത്തെി.
'ഇന്ദ്രജാല"ത്തിലെ കാർലോസ് എന്ന കൊടുംവില്ലനെ അവതരിപ്പിച്ച രാജൻ പി. ദേവാണ് 'ഛോട്ടാമുംബയി'ലെ പാമ്പ് ചാക്കോയായത്. നാടൻപാട്ടും പാടി സിനിമയിലെത്തി ഏറെ ചിരിപ്പിച്ചിട്ട് പിന്നീട്ട് നായകനായും വില്ലനായും തിളങ്ങിയ നടനാണ് കലാഭവൻ മണി. 'ങ്യാ...ഹ്" എന്ന ചിരിയായിരുന്നു അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക്. പെണ്ണുകാണാൻ പോയപ്പോൾ മണിയുടെ ചിരി ഒരു പെൺകുട്ടി അതേപോലെ അനുകരിച്ചിട്ടുണ്ടെന്ന് മണി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാഭാവിക ഹാസ്യം, നാടൻ ടച്ച്, അതുല്യ ടൈമിംഗ്... മണിയുടെ ചിരി കണ്ടാൽ പ്രേക്ഷകർക്കും ചിരി നിർത്താൻ പറ്റില്ല!
ഏതാണ്ട് ഒരേ സമയത്ത് സിനിമയിലെത്തി പൊട്ടിച്ചിരിപ്പിച്ചവരാണ് സലിംകുമാറും ഹരിശ്രീ അശോകനും. ഇവരിൽ രണ്ടു പേരിൽ ഒരാളെങ്കിലും ഇല്ലാത്ത സിനിമകൾ ഒരുകാലത്ത് കുറവായിരുന്നു. രണ്ടു പേരും ചിരിയുടെ ട്രാക്കിൽ നിന്ന് സ്വഭാവ വേഷത്തിലേക്കു മാറി. 'മൊതലാളീ ചങ്ക് ചക ചകാ..." എന്നു പറയുന്ന 'പഞ്ചാബി ഹൗസി"ലെ രമണൻ എന്ന കഥാപാത്രമാണ് ഹരിശ്രീ അശോകന്റെ തലവര മാറ്റിയത്.
'ലുക്കില്ലെന്നേയുള്ളൂ. ഭയങ്കര ബുദ്ധിയാ..." ഡയലോഗ് കേൾക്കുമ്പോൾത്തന്നെ സലിംകുമാറിനെ ഓർമ്മ വരും.
കഥാപാത്രങ്ങൾക്ക് സലിംകുമാർ നൽകിയ മുഖഭാവങ്ങൾ നടനെ ട്രോളൻമാർക്കിടയിലെ സൂപ്പർതാരമാക്കി. 'മായാവി"യിലെ സ്രാങ്കും, 'കല്യാണരാമനി"ലെ പ്യാരിലാലും, 'ചതിക്കാത്ത ചന്തു"വിലെ ഡാൻസ് മാസ്റ്റർ വിക്രമും, 'പുലിവാൽ കല്യാണ"ത്തിലെ മണവാളനും, 'മീശമാധവനി"ലെ വക്കീൽ മുകുന്ദനുണ്ണിയുമെല്ലാം ഇന്നും ഇമോജികളായും മറ്രും ഓടുന്നു.
ഇവർക്കു ശേഷം, സ്ക്രീനിൽ എത്തുമ്പോൾത്തന്നെ മലയാളി ചിരിച്ചത് 'തിര്വന്തോരം"കാരൻ സുരാജ് വെഞ്ഞാറമൂടിനെ കണ്ടപ്പോഴാണ്. 'എന്തോ... എങ്ങനെ...? ഇനി കൊറച്ച് ധന്വന്തരം കൊഴമ്പെടുത്തു വെച്ചോ. അടി കഴിഞ്ഞു തിരിച്ചുവരുമ്പോ എനിക്കൊന്നു പൊരട്ടാനാ!" ചട്ടമ്പിനാട് എന്ന സിനിമയിലെ ദശമൂലം ദാമു ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ താരമാണ്. പക്ഷേ, സുരാജും പിന്നീട് ഗൗരവ വേഷങ്ങളിലേക്ക് മാറി.
ചിരിപ്പിച്ച
പെൺതാരങ്ങൾ
അരവിന്ദന്റെ 'പോക്കുവെയിലി"ൽ നായികയായിരുന്നു കല്പന. കെ.ജി. ജോർജ്ജിന്റെ 'പഞ്ചവടിപ്പാല"ത്തിലെ അനാർക്കലിയെ അനശ്വരമാക്കിയതോടെയാണ് കല്പനയെ ഹാസ്യ വേഷങ്ങൾ തേടിയെത്തിയത്. 'ഡോ. പശുപതി"യിലെ യു.ഡി.സി എന്ന കഥാപാത്രത്തോടെ കല്പന കോമഡി താരമായി മാറി. ജഗതിക്കൊപ്പം കട്ടയ്ക്ക് കോമഡി സീനുകളിൽ തിളങ്ങാൻ കല്പനയ്ക്കു കഴിഞ്ഞിരുന്നു. അതിനു മുമ്പ് കോമഡിയുടെ ആശാനായിരുന്ന അടൂർഭാസിക്കൊപ്പം പിടിച്ചുനിന്ന കോമഡി നടി ശ്രീലതയായിരുന്നു. സുകുമാരി, കെ.പി.എ.സി ലളിത, ഫിലോമിന, മീന, ബിന്ദു പണിക്കർ... ഇങ്ങനെ നീളുന്നു, ചിരിതീർത്ത പെൺതാരങ്ങൾ.
നായിക വേഷത്തിലെത്തി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതിന്റെ ക്രെഡിറ്ര് ഉർവശിക്കാണ്. 'നൈസായി തേയ്ക്കുന്ന" എന്ന പ്രയോഗം വരുന്നതിനു മുമ്പാണ് 'പൊന്മുട്ടയിടുന്ന താറാവി"ലെ സ്നേഹലത കാമുകനെ നൈസായി തേച്ച് പത്തുപവന്റെ മാല ഊറ്രിയെടുത്തത്. 'യോദ്ധ"യിലെ ദമയന്തി, 'കടിഞ്ഞൂൽ കല്യാണ"ത്തിലെ ഹൃദയകുമാരി, 'തലയണമന്ത്ര"ത്തിലെ കാഞ്ചന, 'കാക്കത്തൊള്ളായിര"ത്തിലെ രേവതി, 'അച്ചുവിന്റെ അമ്മ"യിലെ വനജ... അങ്ങനെ നീളുന്നു, ഉർവശി ഹാസ്യം വിതറിയ വേഷങ്ങൾ.
(തുടരും)