ഭാര്യമാതാവിനെ മർദ്ദിച്ച മരുമകൻ അറസ്റ്റിൽ

Monday 12 January 2026 12:53 AM IST

കരുനാഗപ്പള്ളി: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത ഭാര്യമാതാവിനെ ക്രൂരമായി മർദ്ദിച്ച പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം കോട്ടയ്ക്കുപുറം പന്നയ്ക്കാട്ടിൽ തെക്കതിൽ ജെയിംസിനെ (46) ആണ് എസ്.എച്ച്.ഒ. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വള്ളിക്കാവ് സ്വദേശിനിയായ ശ്യാമളയ്ക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശ്യാമളയുടെ മകളെ പ്രതി മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചതിന്റെ വിരോധത്താൽ ജെയിംസ് ശ്യാമളയെ തള്ളിയിടുകയും കമ്പ് കൊണ്ട് തലയടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാമള നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.