യാത്രാദുരിതം വിതച്ച് വിതുര ഡിപ്പോ
വിതുര: കെ.എസ്.ആർ.ടി.സി ഡിപ്പോ മേധാവികളുടെ അശാസ്ത്രീയ ഓപ്പറേറ്റിംഗും ഷെഡ്യൂൾപരിഷ്കാരവും കാരണം പൊറുതിമുട്ടി യാത്രക്കാർ. മികച്ച കലക്ഷനും ജനോപകാരപ്രദവുമായി സർവീസ് നടത്തിയ ബസുകളെ റൂട്ട് മാറ്റിവിട്ടാണ് പരിഷ്ക്കാരങ്ങൾ. വർഷങ്ങളായി യാത്രക്കാർക്ക് അനുഗ്രഹമായി സർവീസ് നടത്തിയ, തിരുവനന്തപുരത്തു നിന്നും വൈകിട്ട് 4.40ന് വിതുരയിലേക്കുള്ള ഫാസ്റ്റ്ബസ് മോഡിഫൈ ചെയ്ത് കായംകുളം റൂട്ടിൽ വിട്ടു. മികച്ച കലക്ഷനുമുണ്ടായിരുന്നു. നിരവധി ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഈ ബസിനെയാണ് വർഷങ്ങളായി ആശ്രയിച്ചിരുന്നത്. തിരുവനന്തപുരത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് ധാരാളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർ കെ.എസ്.ആർ.ടി.സിക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇപ്പോൾ യാത്രക്കാർ തമ്പാനൂരിൽ മണിക്കൂറുകളോളം ബസ്‌കാത്തു നിൽക്കേണ്ട അവസ്ഥയാണ്.
നെടുമങ്ങാട്- വിതുര റൂട്ടിൽ യാത്രാക്ലേശം
നിലവിൽ ഈ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാണ്. വൈകിട്ട് നെടുമങ്ങാട് സ്റ്റാൻഡിൽ നിന്നും വിതുരയിലേക്കുള്ള ബസുകളിൽ ആളുകളുടെ തിരക്കാണ്. ബസ്‌കാത്ത് മണിക്കൂറുകളോളം നിൽക്കേണ്ട അവസ്ഥയാണ്. സ്കൂളും കോളേജും വിട്ടാൽ നിശ്ചിത സമയത്ത് ബസ് കിട്ടാതെ വിദ്യാർത്ഥികളും നട്ടം തിരിയുകയാണ്. നെടുമങ്ങാട് ഡിപ്പോ വിതുരറൂട്ടിനെ മറന്ന സ്ഥിതിയാണ്.
കലക്ഷൻകൂടി യാത്രാക്ളേശവും
മലയോരമേഖലയിലെ യാത്രാദുരിതത്തിന് പരിഹാരം കാണാനായി 25വർഷം മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് വിതുര ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നത്.ആദ്യം മികച്ച രീതിയിലായിരുന്നു പ്രവർത്തനം. നിലവിൽ ഡിപ്പോയുടെ കലക്ഷൻവർദ്ധിച്ചിട്ടുണ്ട്. യാത്രാക്ളേശവും കൂടി. നെടുമങ്ങാട് വിതുരറൂട്ടിലെ യാത്രാപ്രശ്നത്തിന്പരിഹാരം കാണാൻ മുൻപ് ചെയിൻ സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ നിലയ്ക്കുകയായിരുന്നു. ചെയിൻസർവീസ് ആരംഭിച്ചതോടെയാണ് സമാന്തര സർവീസ് നിർത്തലാക്കിയത്.
വിതുര- നെടുമങ്ങാട്- തിരുവനന്തപുരം റൂട്ടിലെ യാത്രാപ്രശ്നത്തിന് ഉടനടി പരിഹാരം കാണണം. നെടുമങ്ങാട് ഡിപ്പോയിൽ നിന്നും കൂടുതൽ ബസുകൾ വിതുരയിലേക്ക് സർവീസ്‌നടത്തണം.
ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ