ഉപ്പുവെള്ള ഭീഷണിയിൽ 80 ഏക്കർ നെൽപ്പാടം

Monday 12 January 2026 12:57 AM IST

തുറവൂർ: ഓരുവെള്ളം കയറിയതോടെ തൈക്കാട്ടുശ്ശേരി മേഖലയിലെ ഏകദേശം 80 ഏക്കർ നെൽക്കൃഷി നാശഭീഷണിയിൽ. കൃഷി പൂർണമായി നശിക്കുമോയെന്ന ആശങ്കയിലാണ് വയോധികനായ കർഷകൻ. നാലുമാസം മുമ്പാണ് തൈക്കാട്ടുശ്ശേരി ഉളവെയ്പ്പ് നെല്ലിശ്ശേരി- മൂവേലി പാടത്ത് കർഷകനായ പാണാവള്ളി പഞ്ചായത്ത് 18-ാം വാർഡ് നികർത്തിൽ എൻ.കെ വിജയൻ നെൽക്കൃഷിയിറക്കിയത്. ഓരുവെള്ളം രൂക്ഷമാകുന്നതിന് മുമ്പ് പാകമായ നെല്ല് കൊയ്തെടുക്കാൻ കഴിയുന്ന രീതിയിലാണ് മനുരത്ന ഇനം വിത്ത് വിതച്ചത്. നെല്ല് കൃഷി കൊയ്ത്തിന് പാകമായി നിൽക്കുന്ന സമയത്താണ് കൈതപ്പുഴ കായലിൽ നിന്നും ഇളംകുളം പാടശേഖരം വഴിയാണ് കൃഷിയിടത്തിലേക്ക് ഓര് വെള്ളം കയറുന്നത്. ഓരുവെള്ളം തടയാൻ താത്ക്കാലികമായി നിർമിച്ച ഓര് ബണ്ട് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. 110 ഏക്കർ പാടശേഖരം അഞ്ചുവർഷത്തേക്ക് പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. പാടശേഖരം പാട്ടത്തിനെടുത്തുവെങ്കിലും മറ്റ് രേഖകൾ നൽകാത്തതിനാൽ കൃഷിയിടം ഇൻഷുറൻസ് ചെയ്യാനും സാധിച്ചിട്ടില്ല.

പഞ്ചായത്ത് തടയണ പ്രയോജനപ്പെടുന്നില്ല

ഓര് വെള്ളം കയറാതിരിക്കാൻ തടയിണ സ്ഥാപിച്ചെങ്കിലും സാമൂഹ്യ വിരുദ്ധർ തടയിണ പൊട്ടിച്ചതോടെ വേലിയേറ്റ സമയം പാടത്തേക്ക് സമീപത്തെ തോടു വഴി ഓരുവെള്ളം ഒഴുകിയെത്തുകയാണ്. പാടശേഖരത്തേക്ക് ഇനിയും കൂടുതൽ ഉപ്പുവെള്ളം ഒഴുകിയെത്തിയാൽ കൃഷി പൂർണമായും കരിഞ്ഞുണങ്ങും. കായലിൽ നിന്നുള്ള ഉപ്പുവെള്ളം പ്രതിരോധിക്കാൻ സംവിധാനം ഒരുക്കണമെന്ന കർഷകരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് നിർമിച്ച് നൽകിയ തടയണ നിലവിൽ പ്രയോജനപ്പെടുന്നില്ല. പ്രദേശത്തെ രണ്ട് തോടുകൾക്ക് ഫൈബർ ഷട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത മൈനർ ഇറിഗേഷൻ വിഭാഗം പരിശോധിച്ചിരുന്നുവെങ്കിലും തുടർനടപടികളുണ്ടായില്ല. ഉപ്പുവെള്ള ഭീഷണി രൂക്ഷമായതോടെ പലതവണ ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും തടയണ നിർമിച്ച പ്രശ്നം പരിഹരിക്കാനോ, മറ്റ് തുടർനടപടികൾ സ്വീകരിക്കാനൊ അധികൃതർ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് കർഷകൻ.

 സമയബന്ധിതമായി പഞ്ചായത്ത് അധികൃതരും കൃഷിഭവനും ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിച്ച് കൃഷിയിടങ്ങൾ സംരക്ഷിക്കണം

റെജി നവശ്രീ

നെല്ലിശ്ശേരി- മുവേലി പാടശേഖര

സംരക്ഷണ സമിതി ഭാരാവാഹി