മൂന്നാം കേസിൽ കുടുങ്ങി: രാഹുലിൽ ജയിലിൽ, ഇരയായ യുവതി കാനഡയിൽ നിന്ന് ഉടനെത്തും

Monday 12 January 2026 1:02 AM IST

പത്തനംതിട്ട / പാലക്കാട്: രണ്ടു പീഡനക്കേസുകളിൽ പൊലീസിന്റെ കസ്റ്റഡിയിലാവാതെ നിയമത്തിന്റെ പഴുതിലൂടെ വഴുതി മാറിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മൂന്നാംകേസിൽ അകത്തായി. പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലടച്ചു.

വിവാഹിതയായ കോട്ടയം സ്വദേശിയായ 31കാരി കാനഡയിൽ നിന്ന് ഇ-മെയിലിലൂടെ ജനുവരി അഞ്ചിനാണ് പരാതി നൽകിയത്. ഇക്കാര്യം രഹസ്യമാക്കിവച്ചായിരുന്നു പൊലീസ് ആക്ഷൻ.

പാലക്കാട്ടെ കെ.പി.എം റീജൻസി ഹോട്ടലിലെ 2002-ാം മുറിയിൽ ഞായറാഴ്ച പുലർച്ചെ 12.30ന് വന്ന് മുട്ടിവിളിക്കുന്നതുവരെ പൊലീസ് സംഘത്തിലുള്ളവർക്കുപോലും വ്യക്തമായ സൂചന നൽകിയിരുന്നില്ല. കസ്റ്റഡിയിലെടുക്കാൻ നിയോഗിച്ച ഷൊർണൂർ ഡിവൈ. എസ്.പി എൻ.മുരളീധരന് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ഡി.ഐ.ജി പൂങ്കുഴലി നേരിട്ട് നിർദേശങ്ങൾ നൽകികൊണ്ടിരുന്നു. മുറിയിൽ പ്രവേശിച്ച പൊലീസിന് രാഹുൽ വഴങ്ങിയില്ല. അഭിഭാഷകനെയോ, അനുയായികളെയോ ബന്ധപ്പെടാൻ പൊലീസ് അനുവദിച്ചില്ല. കസ്റ്റഡിയിലെടുക്കാൻ ബലം പ്രയോഗിക്കേണ്ടിവരുമെന്ന് വ്യക്തിമാക്കിയതോടെ വഴങ്ങി.രാഹുലുമായി തൃശൂർ നഗരം പിന്നിട്ടശേഷമാണ് വിവരം പുറംലോകം അറിഞ്ഞത്.

പുലർച്ചെ അഞ്ചേകാലിന് പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് എസ്. ഐ.ടി മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. ഡി.എൻ.എ പരിശോധനയ്ക്കായി രക്തസാമ്പിൾ ശേഖരിച്ചു. ലൈംഗികശേഷി പരിശോധനയും നടത്തി. രണ്ടാംക്ളാസ് മജിസ്ട്രേട്ട് പി. അഞ്ജലിദേവിക്ക് മുന്നിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആശുപത്രിയിലും മജിസ്ട്രേട്ടിന്റെ വെട്ടിപ്രത്തെ വസതിക്ക് സമീപവും ഡി.വൈ.എഫ്.ഐയും യുവമോർച്ചയും പ്രതിഷേധിച്ചു.

ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞാൽ രാഹുൽ വീഴും

കാനഡയിൽ താമസിക്കുന്ന യുവതി ഇന്നോ നാളെയോ നാട്ടിലെത്തി മൊഴി നൽകും. പീഡനവേളയിൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ സ്രവാശം ഉണ്ടെന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ രക്തസാമ്പിൾ ഡി.എൻ.എ പരിശോധനയ്ക്കായി ശേഖരിച്ചത്.

ഉപദ്രവിച്ച് കീഴടക്കി, മുഖത്ത് തുപ്പി

2024 ഏപ്രിൽ എട്ടിന് തിരുവല്ലയിലെ ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്.

സംസാരിക്കാൻ പ്രൈവറ്റ് സ്പേസ് വേണ്ടേ എന്നു പറഞ്ഞ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ യുവതിയെക്കാെണ്ട് മുറി ബുക്ക് ചെയ്യിച്ചു. പതിനഞ്ച് മിനിട്ട് കഴിഞ്ഞാണ് രാഹുൽ മുറിയിൽ എത്തിയത്. കണ്ടയുടൻ കട്ടിലിലേക്ക് തള്ളിയിട്ടു. മുഖത്തടിച്ചും കുത്തിയും കീഴ്പ്പെടുത്തി. വസ്ത്രങ്ങൾ ബലമായി അഴിച്ചു. തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചും കടിച്ച് വേദനിപ്പിച്ചും ബലാത്സംഗം ചെയ്തു.പീഡിപ്പിച്ച ശേഷം കയർത്തു സംസാരിച്ച് മുഖത്ത് തുപ്പി. കായംകുളത്തെ പാർട്ടി പരിപാടിയിലേക്ക് പോയി.

മുഖ്യമന്ത്രിയുടെ ഇടപെടൽ ആക്ഷൻ വേഗത്തിലാക്കി

ജനുവരി 5നാണ് മൂന്നാം പരാതിയെത്തിയത്. രണ്ടു കേസുകളിൽ തിരിച്ചടി നേരിട്ടതിനാൽ, ഡി.ജി.പിയും എ.ഡി.ജി.പി എച്ച്.വെങ്കിടേഷും ഡി.ഐ. ജി.പൂങ്കുഴലിയും മാത്രം അറിഞ്ഞായിരുന്നു തുടർനടപടികൾ. കഴിഞ്ഞദിവസം രാവിലെ എഫ്‌.ഐ.ആറിട്ടു. ഇതിനിടെയാണ് അതിജീവിതയുടെ വൈകാരികമായ ശബ്ദ സന്ദേശം മുഖ്യമന്ത്രിക്ക് ലഭിച്ചത്. ക്രൂരപീഡനങ്ങൾ കരഞ്ഞുകൊണ്ട് യുവതി വെളിപ്പെടുത്തി. സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദേശം നൽകിയതോടെ ആക്ഷനിലേക്ക് അതിവേഗം കടന്നു.