നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് സമീപം അനധികൃത പാർക്കിംഗ്
നെയ്യാറ്റിൻകര: ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിന് സമീപം റോഡരികിലെ അനധികൃത വാഹന പാർക്കിംഗ് കാരണം കാൽ നടപോലും ദുസ്സഹമായി.നെയ്യാറ്റിൻകര ടൗണിലെ ഏറ്റവും ജനത്തിരക്കേറിയ സ്ഥലമാണ് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ് ജംഗ്ഷൻ.സ്റ്റാൻഡിലേക്ക് പോകുന്ന റോഡരികിൽ വാഹന പാർക്കിംഗ് പതിവാണ്. വീതികുറവുള്ള റോഡായതിനാൽ നിരവധി പരിമിതികളും ഇവിടെയുണ്ട്. അതിനാൽ വാഹന പാർക്കിംഗ് നിരോധിച്ചിട്ടുളളതാണ് ഇവിടം. വൈകിട്ട് ബസ് യാത്രാക്കാരെ ആശ്രയിച്ചാണ് വഴിയോര കച്ചവടകാരുടെ വ്യാപാരവും.
പി.ഡബ്ളിയു.ഡി റോഡായതിനാൽ ട്രാൻസ്പോർട്ട് അധികൃതർക്ക് പാർക്കിംഗ് തടയുവാൻ നിർവ്വാഹമില്ല. എന്നാൽ മുൻപ് കെ.എസ്.ആർ.ടി.സി അധികൃതർ ഡിപ്പോയോട് ചേർന്നുള്ള ഭാഗം റിബൺ കെട്ടി വേർതിരിച്ച് വാഹന പാർക്കിംഗ് തടഞ്ഞിരുന്നു.വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഡിപ്പോക്കുള്ളിൽ തന്നെ പേ ആൻഡ് പാർക്ക് സംവിധാനവുമുണ്ട്.പക്ഷേ റോഡരുകിൽ തന്നെയാണ് ഇരുചക്ര വാഹങ്ങൾ ഇപ്പോഴും പാർക്ക് ചെയ്യുന്നത്.
സിറ്റിയിലേക്കുള്ള യാത്രകാർ ഉൾപ്പടെ ഇവിടെ ബൈക്കുകൾ വച്ച ശേഷം ബസിൽ കയറി പോകുകയാണ് പതിവ്. അതിനാൽ ഇവ തിരിച്ചെടുക്കാൻ ഏറെ വൈകും. അക്ഷയ ഷോപ്പിംഗ് കോംപ്ളക്സിൽ പോകുന്നവർക്കും പ്രത്യേക വാഹന പാർക്കിംഗിന് സൗകര്യവുമില്ല.
റോഡരികിലെ വാഹന പാർക്കിംഗ് നിയന്ത്രിക്കണമെന്ന് നിരവധി തവണ ജനങ്ങൾ നഗരസഭാ അധികൃതർക്ക് പരാതി നൽകി. പക്ഷേ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.