കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനം: മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് സത്യഗ്രഹമിരിക്കും

Monday 12 January 2026 1:27 AM IST

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ നീക്കത്തിനും സാമ്പത്തിക ഉപരോധത്തിനുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സത്യഗ്രഹം നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നടക്കുന്ന സമരത്തിൽ മന്ത്രിമാർ, എൽ.ഡി.എഫ് നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിന്റെ തുടർച്ചയാണിത്. എൽ.ഡി.എഫിലെ ഘടകകക്ഷികളും മുന്നണിയുമായി സഹകരിക്കുന്ന വർഗബഹുജന സംഘടനകളും പ്രകടനമായെത്തി സത്യഗ്രഹത്തിന് പിന്തുണ അറിയിക്കും. ഇന്നത്തെ സത്യഗ്രഹത്തിലൂടെ കേരളം സുപ്രധാനമായ സമരമുഖമാണ് തുറക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവർക്കും സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ പ്രതിജ്ഞാബദ്ധമായ ഇടപെടലുകളുമായി മുന്നോട്ടുപോവുകയാണ് എൽ.ഡി.എഫ് സർക്കാർ. വികസനമുന്നേറ്റത്തെ തടസപ്പെടുത്തി, സർക്കാരിനെയും നാടിനെയും ശ്വാസംമുട്ടിക്കാനാണ് കേന്ദ്രശ്രമം. ഇത് രാഷ്ട്രീയപ്രേരിതമാണ്. എൽ.ഡി.എഫ് സർക്കാരിന്റെ സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, ക്ഷേമപെൻഷൻ വിതരണം തുടങ്ങിയ നടപടികളെ തടസപ്പെടുത്തുന്ന കേന്ദ്രനീക്കങ്ങളെ ചെറുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.