കലോത്സവക്കുരുക്കഴിക്കും..! കെ.എസ്.ആർ.ടി.സി റോഡ് ഇന്ന് തുറക്കും

Monday 12 January 2026 12:43 AM IST

തൃശൂർ: സാംസ്‌കാരിക നഗരി കലോത്സവത്തിരക്കിലേക്ക് എത്തുംമുൻപേ നവീകരിച്ച കെ.എസ്.ആർ.ടി.സി റോഡ് തുറക്കാൻ കോർപറേഷൻ. അറ്റകുറ്റപ്പണിക്കായി റോഡ് അടച്ചിട്ടതുമൂലം നിരവധി പേരാണ് കഷ്ടത്തിലായത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി,​ പ്രെെവറ്റ് ബസുകളുടെ റൂട്ട് മാറ്റവും നഗരത്തിലെ മറ്റു റോഡുകളിൽ രൂപപ്പെട്ട ഗതാഗതക്കുരുക്കും സാധാരണക്കാരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. കലാമാമാങ്കത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ റോഡ് തുറക്കാനുള്ള തീരുമാനം കലോത്സവക്കുരുക്കിന് അൽപ്പം ശമനമേകും.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് ഇന്ന് വൈകിട്ട് അഞ്ചിന് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. യോഗത്തിൽ ഡെപ്യൂട്ടി മേയർ എ.പ്രസാദ് അദ്ധ്യക്ഷനാകും. മുൻ മേയർ എം.കെ.വർഗീസ് മുഖ്യാതിഥിയാകും. എം.കെ.വർഗീസ് മേയറായിരുന്ന കഴിഞ്ഞ കൗൺസിലിന്റെ കാലത്താണ് റോഡ് ടൈൽ വിരിക്കുന്നതിന് അനുമതി നൽകിയതും ഭൂരിഭാഗം നിർമ്മാണം പൂർത്തിയായതും. സൂപ്രണ്ടിംഗ് എൻജിനിയർ ഷൈബി ജോർജ് റിപ്പോർട്ട് അവതരിപ്പിക്കും. കൗൺസിലർമാരായ എം.എൽ.റോസി, ജേക്കബ് പുലിക്കോട്ടിൽ, ടി.ആർ.ഹിരൺ, രഘുനാഥ് സി.മേനോൻ, ഷാജു കുണ്ടോളി, സൗമ്യ പ്രതീഷ്, വിൻഷി അരുൺകുമാർ,​ ഡി.ടി.ഒ ടി.എ.ഉബൈദ്, എ.സി.പി കെ.ജി.സുരേഷ്, കോർപറേഷൻ സെക്രട്ടറി വി.പി.ഷിബു,​ എക്‌സി. എൻജിനിയർ കെ.ആർ.രാജ് എന്നിവർ പങ്കെടുക്കും.

ബസുകൾ ഗോൾഡൻ ഫ്‌ളീ മാർക്കറ്റിലെത്തും

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണത്തെ തുടർന്ന് വടക്കെ സ്റ്റാൻഡിലേക്ക് മാറ്റിയ തെക്കൻ ജില്ലകളിൽ നിന്നുള്ള ഓർഡിനറി, ടൗൺ ടു ടൗൺ, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഗോൾഡൻ ഫ്‌ളീ മാർക്കറ്റിന് സമീപം എത്തുംവിധം ക്രമീകരിക്കാൻ നീക്കം. തൃശൂരിൽ സർവീസ് അവസാനിപ്പിക്കുന്ന തൊടുപുഴ, പാലാ, എറണാകുളം, ആലുവ, വൈറ്റില, കോട്ടയം, മൂലമറ്റം ഭാഗത്തുനിന്നുള്ള ബസുകളാണ് മാറ്റിയത്. കലോത്സവത്തിരക്കും യാത്രക്കാരുടെ സൗകര്യവും പരിഗണിച്ചാണ് ഗോൾഡൻ ഫ്‌ളീ മാർക്കറ്റിന് സമീപത്തേക്കുള്ള മാറ്റം. ഇത് സംബന്ധിച്ച് മേയറും ഡി.ടി.ഒയും തമ്മിൽ ഇന്ന് രാവിലെ ചർച്ച നടക്കും.

പുതിയ സ്റ്റാൻഡ് ഇങ്ങനെ...

ദിവാൻജി മൂലയിൽ പ്രധാന ഗേറ്റ് വരുംവിധമാണ് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം വിഭാവനം ചെയ്യുന്നത്. സ്റ്റാൻഡിലെ പെട്രോൾ പമ്പിന് സമീപത്തുകൂടി ബസുകൾ അകത്തേക്ക് പ്രവേശിച്ച് പ്രധാന ഗേറ്റിലൂടെ പുറത്ത് പോകുംവിധമാകും ക്രമീകരണം. ഗാരേജിന് സമീപം അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കും അഡീഷണൽ ഗാരേജും ഒരുക്കും.

കെട്ടിടം പൊളിക്കൽ 15 ദിവസത്തിനകം പൂർത്തിയായാൽ ഉടൻ പുതിയ സ്റ്റാൻഡ് കെട്ടിടം നിർമ്മാണോദ്ഘാടനം ഉണ്ടാകും. കെട്ടിട സമുച്ചയത്തിന്റെ രൂപരേഖയിൽ ഒരാഴ്ചയ്ക്കകം തീരുമാനമാകും. -ടി.എ.ഉബൈദ്, ഡി.ടി.ഒ