ഫോണും ഇന്റർനെറ്റും ഉപയോഗിക്കില്ല; രഹസ്യം വെളിപ്പെടുത്തി ഡോവൽ

Monday 12 January 2026 12:53 AM IST

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ട‌ാവ് അജിത് ഡോവൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കാറില്ലെന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞദിവസം ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന വികസിത് ഭാരത് യംഗ് ലീഡേഴ‌്‌സ് സംവാദം 2026 പരിപാടിയിൽ പങ്കെടുത്ത ഡോവലിന് ഇതേചോദ്യം നേരിടേണ്ടി വന്നു. താൻ മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നില്ലെന്ന വിവരം ഡോവൽ ശരിവച്ചു. വിദേശ നേതാക്കളും പ്രതിനിധികളുമായുള്ള ഔദ്യോഗിക സംഭാഷണങ്ങൾക്കും കുടുംബാംഗങ്ങളുമായുള്ള വ്യക്തിപരമായ ഇടപെടലുകൾക്കും ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്റെ ജോലികൾ അങ്ങനെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വിവരിച്ച ഡോവൽ, ആശയവിനിമയത്തിന് മറ്റ് മാർഗങ്ങളുമുണ്ടെന്ന് പറഞ്ഞു. ആളുകൾക്ക് പരിചിതമല്ലാത്ത ചില രീതികളും ചിലപ്പോൾ ഉപയോഗിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു. ഡോവലിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വന്നത് അടുത്തിടെ വാർത്തയായിരുന്നു. തുടർന്ന് ഡോവലിന് സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.