ചെയ്യാനുള്ളത് നേരത്തേ ചെയ്തു: വി.ഡി. സതീശൻ
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പറയാനല്ല, ചെയ്യാനാണ് ഉണ്ടായിരുന്നതെന്നും അത് നേരത്തേ ചെയ്തെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാഹുലിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു സതീശൻ. എം.എൽ.എ. സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടാനുള്ള അധികാരം കോൺഗ്രസിനില്ല. രാഹുൽ പാർട്ടിക്ക് പുറത്താണ്. അയോഗ്യനാക്കാൻ പ്രമേയം കൊണ്ടുവന്നാൽ അപ്പോൾ ആലോചിക്കാം.
വികസന കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടാനെന്ന വ്യാജേന സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. സർക്കാർ ചെലവിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല. ഖജനാവിൽ നിന്ന് ഇതിനായി ചെലവഴിക്കുന്ന പണം പാർട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കാൻ ഏതറ്റംവരെയും പോകും. തദ്ദേശ സ്ഥാപനങ്ങളിലെ ടെക്‌നീഷ്യന്മാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്. സി.ഐ.ടി.യുവിന്റെ അപേക്ഷ പരിഗണിച്ചുള്ള നീക്കം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും സതീശൻ പറഞ്ഞു.