സി.ഐ.ടി.യു സംഘടനയുടെ വിവാദ കത്ത് കരാറുകാരെ സ്ഥിരപ്പെടുത്തണം
തിരുവനന്തപുരം : പുതിയ തൊഴിലോ തൊഴിൽ സാഹചര്യമോ കേരളത്തിൽ തുറന്നു വരുന്നില്ലെന്ന് സി.ഐ.ടി.യു സംഘടനയായ കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കൽ അസിസ്റ്റന്റ്സ് ഓർഗനൈസേഷൻ. 12വർഷം കഴിഞ്ഞ കരാറുകാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.സുനിൽകുമാറും ജനറൽ സെക്രട്ടറി വിജേഷ്.കെ.പിയും ഒപ്പിട്ട് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീമിന് നൽകിയ കത്തിലാണ് വിവാദ പരാമർശം. എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം കത്ത് മന്ത്രി എം.ബി.രാജേഷിന് കൈമാറുകയും ചെയ്തു.
നിരവധി തൊഴിലുകളും തൊഴിൽ സംരംഭങ്ങളും കേരളത്തിൽ കൊണ്ടുവന്നെന്നും വിജ്ഞാന കേരളം, കെ ഡിസ്‌ക്, ബാക്ക് ടു ക്യാമ്പസ് പദ്ധതികളിലൂടെ പതിനായിരക്കണക്കിന് തൊഴിൽ സംരംഭങ്ങൾ ഓരോ വർഷവും സൃഷ്ടിക്കുന്നെന്നും സർക്കാർ കണക്കുകൾ നിരത്തുമ്പോഴാണ് കരാറുകാരെ സ്ഥിരപ്പെടുത്താനുള്ള ഇടത് സംഘടനാ നേതാക്കളുടെ വിചിത്ര വാദം.
ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ 900ൽ 872 പേരും സി.ഐ.ടി.യു യൂണിയൻ അംഗങ്ങളാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു സംഘടനയ്ക്കും ഈ മേഖലയിൽ യൂണിയൻ ഇല്ല എന്ന പ്രത്യേകതയുമുണ്ട്. മുഴുവൻ അംഗങ്ങളും വർഷങ്ങളായി പാർട്ടി പത്രത്തിന്റെ വരിക്കാരാണ്. 186 പേർ സി.പി.എം അംഗങ്ങളാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പുതിയ ഭരണസമിതികൾ നിലവിൽ വരുമ്പോൾ രാഷ്ട്രീയമാറ്റത്തിനനുസരിച്ച് പലരുടെയും ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന വലിയ ആശങ്കയുണ്ട്. തസ്തിക സൃഷ്ടിച്ച്, 10വർഷം പൂർത്തിയായവരെ സ്ഥിരപ്പെടുത്തുകയാണ് പരിഹാരം. പഞ്ചായത്ത് തനതു ഫണ്ടിൽനിന്നാണ് വേതനം ലഭിക്കുന്നത് എന്നതിനാൽ സർക്കാരിന് അധികബാദ്ധ്യതയില്ല- കത്തിൽ പറയുന്നു.
മന്ത്രിക്കു ലഭിച്ച കത്ത് പ്രൈവറ്റ് സെക്രട്ടറി സാദ്ധ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കു കൈമാറി. വിവരങ്ങൾ ആരാഞ്ഞ് പ്രിൻസിപ്പൽ ഡയറക്ടർ ജില്ലാ ജോയിന്റ് ഡയറക്ടർമാർക്ക് കത്തെഴുതിയതോടെയാണ് സംഭവം പുറത്തുവന്നത്.
സ്ഥിരംനിയമത്തിന് അർഹതയില്ല!
ടെക്നിക്കൽ അസിസ്റ്റന്റുമാർക്ക് സ്ഥിരംനിയമത്തിന് അവകാശമില്ലെന്ന സർക്കാർ മാനദണ്ഡം നിലനിൽക്കേയാണ് സ്ഥിരപ്പെടുത്താനുള്ള സംഘടനാ നീക്കം. 2024,25 വർഷങ്ങളിൽ കരാർ പുതുക്കുന്ന മാനദണ്ഡങ്ങളിൽ ഇക്കൂട്ടർക്ക് സ്ഥിരംനിയമനത്തിന് അർഹതയില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. മാത്രമല്ല 12മാസത്തെ കരാർ അവസാനിച്ച് 2ദിവസം സർവീസ് ബ്രേക്ക് നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു. ഇതെല്ലാം കാറ്റിൽപറത്തിയാണ് സി.ഐ.ടി.യു സംഘടനയുടെ ശുപാർശ.