13 നില ഫ്ളാറ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു

Monday 12 January 2026 12:54 AM IST
തോമസ് കെ വളവി

കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ 13 നില ഫ്ലാറ്റിന്റെ ടെറസിൽ കയറിയ യുവാവ് ഡക്ടിലൂടെ വീണു മരിച്ചു. ടെറസിലെ സ്ലാബ് തകർന്ന് ഡക്ടിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഹൈക്കോടതിക്ക് സമീപം കോമ്പാറമുക്ക് മാർക്കറ്റ് റോഡിന് സമീപം വളവി വീട്ടിൽ കുര്യാക്കോസ് ജി. വളവിയുടെ മകൻ തോമസ് കെ. വളവിയാണ് (24) മരിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് സെമിത്തേരിമുക്ക് സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിിയൽ.

ഞായറാഴ്ച രാത്രി 8.30ന് പാലാരിവട്ടം അഞ്ചുമന ഹൈവേ ഗാർഡന് സമീപത്തെ ഇൻഫ്രാ സ്‌പെളൻഡർ ഫ്ലാറ്റിലായിരുന്നു അപകടം. ഫ്ലാറ്റിൽ താമസിക്കുന്ന സുഹൃത്ത് ആന്റുവിനും സ്നേഹിതയ്ക്കൊപ്പമാണ് 13ാംനിലയുടെ മുകളിലെ ഓപ്പൺ ടെറസിൽ കയറിയത്. ടെറസിന് മുകളിലെ ജലസംഭരണിക്ക് മുകളിൽ മൂന്നു പേരും കയറിയതായി പൊലീസ് പറഞ്ഞു. ജന്മദിനാഘോഷത്തിന് ശേഷം ഗ്രില്ലിൽ ചവിട്ടി കൂട്ടുകാരി തിരികെ ഇറങ്ങുന്ന സമയം തോമസ് നിന്ന സ്ലാബ് തകർന്ന് ഡക്ടിലേക്ക് വീണു. താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ തട്ടിയാണ് നിലത്തേക്ക് വീണത്.

സാരമായി പരിക്കേറ്റ തോമസിനെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കടവന്ത്രയിൽ സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ പങ്കാളിയാണ്. മാതാവ്: സുജ കുര്യാക്കോസ്. സഹോദരൻ: ജോർജ്. പാലാരിവട്ടം പൊലീസ് കേസെടുത്തു.